അറസ്റ്റിനിടെ ക​ഴുത്തിൽ കാൽമുട്ട് അമർത്തിയ ഇന്ത്യൻ വംശജൻ കോമയിൽ

Wednesday 04 June 2025 1:13 AM IST

മെൽബൺ: ഓസ്ട്രേലിയയിലെ അഡിലെയ്ഡിൽ പൊലീസ് പീഡനത്തിൽ ഇന്ത്യൻ വംശജൻ കോമയിൽ . ഭാര്യയുമായി റോഡിൽവച്ച് തർക്കമുണ്ടായതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിടെയാണ് ഗൗരവ് കന്റി(42) പോലീസ് പീഡനത്തിനിരയായത്. ഇയാൾ നിലവിൽ റോയൽ അഡലെയ്ഡ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.തലച്ചോറിനും കഴുത്തിലെ ഞരമ്പുകൾക്കുമുൾപ്പെടെ ഗുരുതരമായ പരുക്കേറ്റ്ന്നാണ് ഡോക്ടർമാർ പറയുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ഗൗരവും ഭാര്യ അമൃത്പാൽ കൗറും തമ്മിൽ റോഡിൽവച്ച് തർക്കമുണ്ടാവുകയും അതുവഴി വന്ന പൊലീസ് പട്രോളിംഗ് സംഘം ഇതു ശ്രദ്ധിക്കുകയും ഉടൻ ഗൗരവിനെ കീഴ്പ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഗൗരവിനെ വലിച്ചിഴച്ച് തറയിലേക്ക് തള്ളിയിടുകയും കഴുത്തിൽ കാൽമുട്ടമർത്തിയതിനു പിന്നാലെ അബോധാവസ്ഥയിലായി. പൊലീസിന്റെ ക്രൂരത അമൃത്പാൽ ഫോണിൽ റെക്കോർഡ് ചെയുകയായിരുന്നു. ഭാര്യയും പൊലീസിനോട് ഗൗരവിനെ വിടാനായി കരഞ്ഞപേക്ഷിച്ചെങ്കിലും ചെവികൊണ്ടില്ല. ഗൗരവിനെ അറസ്റ്റ് ചെയ്യുന്നതിനിടെ അക്രമാസക്തമായെന്നും അതിനെ ചെറുത്തുവെന്നുമാണ് പൊലീസ് വാദം.ഗൗരവ്– അമൃത് ദമ്പതികൾക്ക് രണ്ടു കുട്ടികളുമുണ്ട്.