 ദുരഭിമാന കൊല പാക് ഇൻഫ്ലുവൻസറെ വെടി വച്ചുകൊന്നു

Wednesday 04 June 2025 1:18 AM IST

ഇസ്ലാമാബാദ്: പാക് ടിക് ടോക് താരവും സോഷ്യമീഡിയ ഇൻഫ്ലുവൻസറുമായ സന യൂസഫിനെ (17) വെടിവച്ചുകൊന്നു. ഇസ്ലാമാബാദിലെ സെക്ടർ ജി-13 ലെ വീട്ടിലെത്തിയ ബന്ധു സനയ്ക്കുനേരെ വെടിയുതിർക്കുകയായിരുന്നു. അക്രമി രക്ഷപ്പെട്ടു. പ്രതിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. പൊലീസ് പറയുന്നതനുസരിച്ച്, പാകിസ്ഥാനിൽ വ്യാപകമായുള്ള ദുരഭിമാനക്കൊലയാണിത്.

പ്രതി സനയുടെ വീട്ടിലെത്തുകയും പുറത്തുനിന്ന് സംസാരിക്കുകയും ചെയ്തു. ശേഷം വീട്ടിൽ കയറി സനയ്ക്കുനേരെ നിരവധി തവണ വെടിയുതിർക്കുകയായിരുന്നു. സന തത്‌ക്ഷണം കൊല്ലപ്പെട്ടു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട്ഒഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റി. സംഭവം സമൂഹ മാദ്ധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കി. സനയ്ക്ക് നീതി വേണമെന്ന ആവശ്യവുമായി ജസ്റ്റിസ് ഫോർ സന ഹാഷ്ടാഗ് ക്യാമ്പയിനും ആരംഭിച്ചു. സനയുടെ മാതാവ് സാമൂഹിക പ്രവർത്തകയാണ്.

സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളെക്കുറിച്ചും വിദ്യാഭ്യാസത്തെയും കുറിച്ചുള്ള ബോധവത്കരണമാണ് സന പ്രധാനമായും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നത്. ഇൻസ്റ്റഗ്രാമിൽ അഞ്ച് ലക്ഷത്തോളം ഫോളോവേഴ്സ് സനയ്ക്കുണ്ടായിരുന്നു.

ഈ വർഷം ആദ്യം പാകിസ്ഥാനിൽ, ടിക് ടോക്ക് ഉപയോഗിച്ചെന്ന് ആരോപിച്ച് 15 വയസുകാരി ഹിരയെ അച്ഛനും അമ്മാവനും ചേർന്ന് വെടിവച്ചുകൊന്നു.