അടിച്ചിട്ട കെെകൾ തന്നെ എഴുന്നേൽപ്പിക്കും; മോഹൻലാലിനെ കണ്ടുപഠിക്കണമെന്ന് ആരാധകർ, വീഡിയോ

Wednesday 04 June 2025 8:00 AM IST

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മോഹൻലാൽ. വെെവിധ്യപൂർണമായ വേഷങ്ങളിലൂടെ ഇന്നും മലയാള സിനിമയെ അത്ഭുതപ്പെടുത്തുന്ന മോഹൻലാലിന് ലോകമെമ്പാടും ആരാധകരുണ്ട്. തലമുറകൾ എത്ര തന്നെ മാറിയാലും മോഹൻലാൽ എന്ന പ്രതിഭയെ മലയാളികൾക്കും കലാകാരന്മാർക്കും മറക്കാൻ കഴിയില്ല. ഒരുവശം ചരിഞ്ഞ തോളുമായി മലയാളികളുടെ മനസിൽ ഇടംപിടിച്ച താരരാജാവ് ഇതിനോടകം ഒരിക്കലും മറക്കാനാകാത്ത ഒട്ടനവധി വേഷങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. നടന്റെ ആക്ഷൻ രംഗങ്ങളെല്ലാം എപ്പോഴും ചർച്ചയാകാറുണ്ട്.

എന്നാൽ വില്ലന്മാരെ ഒറ്റയ്ക്ക് അടിച്ചിട്ട ശേഷം സിനിമയിൽ മാസ് കാണിക്കുന്ന നായകനല്ല റിയൽ ലെെഫിൽ മോഹൻലാൽ. ഇക്കാര്യം പറഞ്ഞുകൊണ്ട് ഒരു ആരാധകൻ അടുത്തിടെ പങ്കുവച്ച് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. അതീവ ശ്രദ്ധയോടെയാണ് മോഹൻലാൽ ഓരോ ആക്ഷൻ രംഗങ്ങളും ചെയ്യുന്നത്. ഒപ്പമുള്ളവർ അറിയപ്പെടുന്ന അഭിനേതാക്കളായാലും ജൂനിയർ ആർട്ടിസ്റ്റുകളായാലും ആരുടെയും ദേഹത്ത് തട്ടാതിരിക്കാനും അവർക്ക് അപകടം പറ്റാതിരിക്കാനും മോഹൻലാൽ ശ്രദ്ധിക്കാറുണ്ട്.

ഓരോ ഫെെറ്റിന് ശേഷവും നിലത്ത് വീഴുന്ന ജൂനിയർ ആർട്ടിസ്റ്റുകളെ തിരിച്ച് എഴുന്നേൽപിക്കാനും അവർ സുരക്ഷിതരാണെന്ന് ഉറപ്പാക്കാനും മോഹൻലാൽ മറക്കാറില്ല. പല സിനിമകളിലെയും മോഹൻലാലിന്റെ ഫെെറ്റ് സീനുകളുടെ ബിടിഎസ് രംഗങ്ങൾ ഉൾപ്പെടുത്തിയ വീഡിയോയാണ് ആരാധകൻ പങ്കുവച്ചത്. വലിയ നടൻ ആയിട്ടും ഇപ്പോഴുമുള്ള അദ്ദേഹത്തിന്റെ എളിമ കണ്ട് മറ്റുള്ളവർ പഠിക്കണമെന്നും ആരാധകർ പറയുന്നു.