'ബന്ധം പരസ്‌പര സമ്മതത്തോടെ, ഇടയ്‌ക്കിടെ പിണങ്ങുമായിരുന്നു'; സുകാന്തിന്റെ മൊഴി പുറത്ത്

Wednesday 04 June 2025 10:56 AM IST

കൊച്ചി: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതി സുകാന്ത് സുരേഷിന്റെ മൊഴി പുറത്ത്. ഇന്നലെ വൈകിട്ട് യുവതിയുടെ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ സുകാന്തുമായി തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനിടെ നടത്തിയ ചോദ്യം ചെയ്യലിന്റെ വിവരങ്ങളാണ് പുറത്തുവന്നത്.

ഇരുവരും തമ്മിലുണ്ടായിരുന്നത് പരസ്‌പര സമ്മതത്തോടെയുള്ള ബന്ധമാണെന്ന് ചോദ്യം ചെയ്യലിൽ സുകാന്ത് പൊലീസിനോട് പറഞ്ഞു. യുവതിയുമായി പലപ്പോഴായി പിണങ്ങിയിട്ടുണ്ടെന്നും പിന്നീട് വീണ്ടും സൗഹൃദത്തിലാകുമെന്നും സുകാന്ത് മൊഴി നൽകി. യുവതി ആത്മഹത്യ ചെയ്‌ത ദിവസവും പരസ്‌പരം വഴക്കിട്ടിരുന്നു. എന്നാൽ, ആത്മഹത്യ ചെയ്യേണ്ട സാഹചര്യം എന്താണെന്ന് അറിയില്ലെന്നുമാണ് സുകാന്തിന്റെ മൊഴി. സുകാന്തുമായി തിരുവനന്തപുരം പേട്ട പൊലീസ് ഇപ്പോൾ കൊച്ചിയിലെത്തിയിരിക്കുകയാണ്. നെടുമ്പാശേരിയിലെ ഇയാളുടെ അപ്പാർട്ട്‌‌മെന്റിൽ തെളിവെടുപ്പ് നടത്തും.

ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഒളിവിലായിരുന്ന സുകാന്ത് കഴിഞ്ഞ മാസം അവസാനം കീഴടങ്ങിയത്. തുടർന്ന് തിരുവനന്തപുരത്ത് എത്തിച്ച പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്‌തിരുന്നു. നിലവിൽ ജൂൺ അഞ്ച് വരെ സുകാന്തിനെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. മാർച്ച് 24നാണ് തിരുവനന്തപുരം പേട്ടയിലെ റെയിൽവേ ട്രാക്കിൽ പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തുടർന്ന് മകളുടെ മരണത്തിന് പിന്നിൽ സുഹൃത്തായ സുകാന്താണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. അസ്വാഭാവിക മരണത്തിനാണ് പൊലീസ് ആദ്യം കേസെടുത്തത്. അന്വേഷണം ആരംഭിച്ചതോടെ സുകാന്തും കുടുംബവും ഒളിവിൽ പോയി. ഇതിനിടെ മകൾ ലൈംഗിക ചൂഷണത്തിന് ഇരയായെന്നതിനുള്ള തെളിവുകൾ യുവതിയുടെ പിതാവ് പൊലീസിന് നൽകി. തുടർന്ന് സുകാന്തിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു.