കൊച്ചി മേയർക്കെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു, നന്ദി പറഞ്ഞ് സൗമിനി ജെയിൻ
കൊച്ചി: കൊച്ചി കോർപ്പറേഷൻ മേയർക്കെതിരെ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. യു.ഡി.എഫ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് പ്രതിപക്ഷത്ത് നിന്ന് 33 പേർ വോട്ടുചെയ്തു. അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്തെങ്കിലും രണ്ട് ബി.ജെ.പി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. 74 അംഗ കൗൺസിലിൽ 38 പേരുടെ ഭൂരിപക്ഷം ആണ് യു.ഡി.എഫിനുള്ളത്.
മേയർ സൗമിനി ജെയിന്റെ കഴിഞ്ഞ നാലുവർഷത്തെ ഭരണം സമ്പൂർണ പരാജയമാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്തിയ യു.ഡി.എഫ് അംഗങ്ങൾക്ക് സൗമിനി ജെയിൻ നന്ദി പറഞ്ഞു. തനിക്കെതിരായ പ്രതിപക്ഷ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. വസ്തുതകൾ മനസിലാക്കാതെയാണ് അവിശ്വാസം കൊണ്ടുവന്നത്. വികസന പദ്ധതികൾ പലതും പുരോഗമിക്കുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടതെന്നും സൗമിനി ജെയിൻ വ്യക്തമാക്കി.