ഹണിമൂണിനിടെ കാണാതായ യുവതിക്കായി തെരച്ചിൽ; ഭർത്താവിനെ ആരോ വെട്ടിക്കൊന്നതെന്ന് പൊലീസ്

Wednesday 04 June 2025 3:05 PM IST

ഇൻഡോർ: ഹണിമൂണിനിടെ കാണാതായ ദമ്പതികളിൽ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു.

മേയ് 23നാണ് രഘുവംശിയെന്ന യുവാവിനെയും ഭാര്യ സോനത്തിനെയും കാണാതായത്. മേയ് പതിനൊന്നിനായിരുന്നു ഇവരുടെ വിവാഹം. മേഘാലയിലെ ചിറാപുഞ്ചിയിൽ ഹണിമൂണിന് പോയതായിരുന്നു ഇരുവരും. കഴിഞ്ഞ ദിവസം അഴുകിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.

'കൊലപാതകമാണെന്നതിൽ സംശയമില്ല. ആയുധം കണ്ടെടുത്തു. അത് പുതിയതും കൊലപാതകത്തിനായി ഉപയോഗിച്ചതുമാണ്. കുറ്റവാളികൾക്കായി തെരച്ചിൽ തുടരുന്നു. ഇരയുടെ മൊബൈലും കണ്ടെത്തിയിരുന്നു.'- പൊലീസ് പറഞ്ഞു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വരാൻ കാത്തിരിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. 'മോഷണമോ, പകയോ, പ്രതികളും ഇരകളും തമ്മിലുള്ള വിദ്വേഷമോ, അങ്ങനെ എന്താണ് മരണകാരണമെന്ന് അന്വേഷിച്ചുവരികയാണ്. ഒരു സാദ്ധ്യതയും ഞങ്ങൾക്ക് തള്ളിക്കളയാനാവില്ല.'- അദ്ദേഹം വ്യക്തമാക്കി.

സോനത്തിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. യുവതിയെ കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. യുവതിയെ കണ്ടെത്തുന്നതിനായി തെരച്ചിൽ ഉടൻ പുനഃരാരംഭിക്കും. യുവാവിന്റെ മൃതദേഹത്തിന് സമീപം ഒരു സ്ത്രീയുടെ വെള്ള ഷർട്ട്, മൊബൈലിന്റെ പൊട്ടിയ സ്‌ക്രീൻ എന്നിവ കണ്ടെത്തിയിട്ടുണ്ട്. യുവാവിന്റെ സ്മാർട്ട് വാച്ച് മൃതദേഹത്തിൽ ഉണ്ടായിരുന്നു, പക്ഷേ പേഴ്സ്, സ്വർണ്ണാഭരണങ്ങൾ മൊബൈൽ ഫോണുകൾ എന്നിവ കാണാനില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കേസിൽ സിബിഐ അന്വേഷണം നടത്തണമെന്ന് രാജയുടെ സഹോദരൻ വിപിൻ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ ചിലർ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വിപിൻ ആരോപിച്ചു.

കാണാതാകുന്നതിന് മുമ്പ് സോനം രാജയുടെ അമ്മയെ ഫോണിൽ വിളിച്ചിരുന്നു. മേയ് 23 ന് വ്രതം അനുഷ്ഠിക്കേണ്ട ദിവസമായിരുന്നു. നവദമ്പതികൾ ടൂറിലായതിനാൽ പട്ടിണി കിടക്കരുതെന്നും, എന്തെങ്കിലും കഴിക്കണമെന്നും സോനത്തിനോട് ഭർതൃമാതാവ് പറഞ്ഞിരുന്നു. എന്നാൽ അവധിക്കാലം ആഘോഷിക്കുകയാണെങ്കിലും ഉപവാസം അവസാനിപ്പിക്കില്ലെന്നായിരുന്നു അവരുടെ മറുപടി.

കാട്ടിൽ ഒരു വെള്ളച്ചാട്ടം കാണാൻ പോകുകയാണെന്ന് സോനം ഭർതൃമാതാവിനോട് പറഞ്ഞിരുന്നു. എന്നാൽ ശ്വാസം മുട്ടുന്നതുപോലെയായിരുന്നു സംസാരം. പിന്നീട് വിളിക്കാമെന്ന് പറഞ്ഞ് ഫോൺ പെട്ടെന്നുവയ്ക്കുകയും ചെയ്തുവെന്ന് വീട്ടുകാർ പറഞ്ഞു.