പാകിസ്ഥാന് വേണ്ടി ചാരവൃത്തി; ഒരു യൂട്യൂബർ കൂടി പിടിയിൽ, ഐഎസ്ഐ അംഗങ്ങളുമായി അടുത്ത ബന്ധം

Wednesday 04 June 2025 3:17 PM IST

ന്യൂഡൽഹി: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയതിന് മറ്റൊരു യൂട്യൂബർ കൂടി പിടിയിൽ. പഞ്ചാബ് സ്വദേശിയും 'ജാൻമഹൽ വീഡിയോ' എന്ന യൂട്യൂബ് ചാനലിന്റെ ഉടമയുമായ ജസ്‌ബീർ സിംഗിനെയാണ് പഞ്ചാബ് പൊലീസ് ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്‌തത്. ട്രാവൽ വ്ലോഗറായ ജ്യോതി മൽഹോത്ര ചാരവൃത്തിക്കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് സമാനമായ കുറ്റത്തിന് മറ്റൊരു യൂട്യൂബർ കൂടി പിടിയിലായിരിക്കുന്നത്.

രൂപ്‌നഗറിൽ നിന്ന് പഞ്ചാബ് പൊലീസിന്റെ സ്‌പെഷ്യൽ ഓപ്പേറേഷൻ സെൽ ഉദ്യോഗസ്ഥരാണ് ജസ്‌ബീർ സിംഗിനെ അറസ്റ്റ് ചെയ്‌തത്. പാക് ചാരസംഘടനയിലെ അംഗമായ ഷാക്കിർ എന്നയാളുമായി ജസ്‌ബീർ സിംഗിന് ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. നേരത്തേ അറസ്റ്റിലായ ജ്യോതി മൽഹോത്രയുമായി അടുപ്പുണ്ടായിരുന്ന പാക് ചാരന്മാർക്ക് ജസ്‌ബീർ സിംഗുമായും ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ജസ്‌ബീർ സിംഗിന്റെ ഫോണിൽ നിരവധി പാകിസ്ഥാൻ നമ്പറുകൾ സേവ് ചെയ്‌തിരുന്നു. ഇയാൾ മൂന്ന് തവണപാകിസ്ഥാൻ സന്ദർശിച്ചിരുന്നുവെന്നാണ് വിവരം. മാത്രമല്ല, ഡൽഹിയിലെ പാക് എംബസിയിൽ നടന്ന പ്രധാന ചടങ്ങുകളിൽ പ്രതി പങ്കെടുത്തിരുന്നതായും പൊലീസ് പറഞ്ഞു. ജസ്‌ബീർ സിംഗിന്റെ യൂട്യൂബ് ചാനലിന് ഒരു മില്യണിലേറെ സബ്‌സ്‌ക്രൈബർമാരുണ്ട്. ജ്യോതി മൽഹോത്രയുമായി അടുത്ത ബന്ധമുണ്ടായിരുന്ന പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ ഡാനിഷുമായും ജസ്‌ബീ‌ർ സിംഗിന് ബന്ധമുണ്ടായിരുന്നു.

ജ്യോതി മൽഹോത്ര അറസ്റ്റിലായെന്ന വാർത്ത പുറത്തുവന്നതോടെ ഇയാൾ പാക് ചാരന്മാരുമായുള്ള ഫോൺ സന്ദേശങ്ങും മറ്റും നീക്കാൻ ശ്രമിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രതിയുടെ ഫോണും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളും ഫോറൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.