ആറ്റിങ്ങൽ ഓണത്തിരക്ക് നിയന്ത്രിക്കാൻ കുട്ടിപ്പൊലീസും

Thursday 12 September 2019 8:07 PM IST

ആറ്റിങ്ങൽ: ഓണത്തിരക്കിൽ നട്ടം തിരിയുന്ന ആറ്റിങ്ങൽ പട്ടണത്തിലെ ട്രാഫിക് കുരുക്കഴിക്കാൻ പരിശ്രമിക്കുന്ന കേരള പൊലീസിന് അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടിപ്പൊലീസ് സഹായമായി എത്തിയത് കൗതുക കാഴ്ചയായി. അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ ഇരുപത് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളാണ് കിഴക്കേ നാലുമുക്കിന്റെ വിവിധ ഭാഗങ്ങളിൽ ട്രാഫിക് നിയന്ത്രണത്തിന് പൊലീസിനൊപ്പം നേതൃത്വം നൽകിയത്. കാൽനടയാത്രക്കാരെ റോഡ് മുറിച്ചുകടക്കാനും വാഹന ഗതാഗതം സുഗമമാക്കാനും കേഡറ്റുകൾ മികവ് തെളിയിച്ചു. ഓണത്തിരക്കിൽ ട്രാഫിക് നിയന്ത്രിക്കാൻ ആറ്റിങ്ങൽ പൊലീസ് വിയർപ്പൊഴുക്കുമ്പോൾ അതിന് തെല്ലൊരാശ്വാസമാകുകയായിരുന്നു സേവന സന്നദ്ധരായ കേഡറ്റുകൾ. ആറ്റിങ്ങൽ സി.ഐ വി. ദിപിൻ, എസ്.ഐ സനൂജ്, സീനിയർ സി.പി.ഒ ശ്രീജൻ, ​ജെ. പ്രകാശ് എന്നിവർ കേഡറ്റുകൾക്ക് നിർദ്ദേശങ്ങൾ നൽകി.