പാർവതിക്ക് കൂടുതൽ ഉത്തരവാദിത്വം കാണിക്കാമായിരുന്നെന്ന് മാല പാർവതി

Thursday 05 June 2025 6:06 AM IST

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഇതുവരെയും നടപടികളൊന്നും സ്വീകരിച്ചില്ല എന്ന വിമർശനം ഉന്നയിച്ച നടിയും ഡബ്ളിയു.സി.സി അംഗവുമായ പാർവതി തിരുവോത്തിന് എതിരെ ഫേസ്‌ബുക്ക് കുറിപ്പുമായി നടി മാല പാർവതി. പാർവതിയോടും ഡബ്ളിയു.സി.സിയോടും ഏറെ ആദരവും ബഹുമാനവും ഉണ്ടെങ്കിലും സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ കൂടുതൽ ഉത്തരവാദിത്വം കാണിക്കണമായിരുന്നു. സിനിമയിൽ സ്‌ത്രീകൾക്കു കൂടുതൽ അവസരം ഒരുക്കുന്നതിനും മെച്ചപ്പെട്ട തൊഴിലിടങ്ങൾ സൃഷ്ടിക്കുന്നതിനും വേണ്ടി സർക്കാർ എടുക്കുന്ന നിരവധി പ്രവർത്തനങ്ങളെ കാണാതെയാണോ പാർവതി സംസാരിക്കുന്നതെന്ന് മാല പാർവതി ചോദിച്ചു. ഹേമ കമ്മിറ്റിക്ക് മുൻപാകെ താൻ നൽകിയ മൊഴിയിൽ എസ്.ഐ.ടി , എഫ്.ഐ.ആർ ഇട്ട് അന്വേഷണം ആരംഭിച്ചപ്പോൾ അതിനെതിരെ സുപ്രീംകോടതിയിൽ പോയ സാഹചര്യത്തെക്കുറിച്ചും മാല പാർവതി കുറിപ്പിൽ വിശദമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് സർക്കാരിനെതിരെ വിമർശനവും പരിഹാസവുമായി പാർവതി തിരുവോത്ത് രംഗത്തുവന്നത്.