മൂൺവാക്ക് കാണാൻ വേടനോട് തിരക്കഥാകൃത്തിന്റെ അഭ്യർത്ഥന
മൂൺവാക്ക് സിനിമ റാപ്പർ വേടൻ കാണണമെന്ന അഭ്യർത്ഥനയുമായി ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ സുനിൽ ഗോപാലകൃഷ്ണൻ .സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അഭ്യർത്ഥന. പ്രിയ വേടൻ, അങ്ങ് ഈ സിനിമ ഒന്ന് കാണാനും, അത് അങ്ങേക്ക് “ഇഷ്ടമാകുന്നു എങ്കിൽ” മാത്രം ഒരു വാക്ക് പറയണമെന്നും ആഗ്രഹിക്കുന്നു. ഒരു കലാകാരനെ ഈ വിധം സമർദ്ദത്തിലാക്കുന്നതിലെ അനൗചിത്യം ഇതെഴുതുമ്പോഴും എന്നെ അലട്ടുന്നുണ്ട്. പക്ഷേ അപ്പോഴും ഈ എഴുത്തിന് പിന്നിലെ വികാരം താങ്കൾക്ക് മനസ്സിലാവും എന്ന വിശ്വാസം എന്നിൽ ദൃഢപ്പെടുന്നുമുണ്ട്. ഇത് ഇല്ലായ്മകളെയും തള്ളിപറയലുകളെയും പൊരുതി തോല്പിച്ച ഞങ്ങളുടെ സുരയുടെ കഥയാണ്. കേരളമെമ്പാടും ഇതു പോലെ ആയിരകണക്കിനു സുരമാർ സമൂഹത്തിന്റെ അടിത്തട്ടിൽ നിന്ന് ഉയർന്ന് വന്ന് വേദികളിൽ ചുവടുവെച്ചിരുന്നു എന്ന് ഇന്ന് ഞങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാക്കുന്നു. അതിനാൽ ഇത് കാണേണ്ടത് അങ്ങ് തന്നെയെന്ന് ഞാൻ വിശ്വസിക്കുന്നു. സുനിലിന്റെ വാക്കുകൾ. മൂൺവാക്കിൽ ഗംഭീര പ്രകടനം നൽകിയ സുരയുടെ ടീസറും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.നവാഗതനായ എ. കെ വിനോദ് സംവിധാനം ചെയ്ത മൂൺവാക്ക് മാജിക് ഫ്രെയിംസ്, ആമേൻ മൂവി മൊണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്‌നി അഹമ്മദും ചേർന്നാണ് നിർമ്മാണം.