ഇടിഞ്ഞാർ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി
പാലോട്: ഇടിഞ്ഞാർ മുത്തികാണി ആദിവാസി മേഖലയിൽ കഴിഞ്ഞ ദിവസം രാവിലെയും ഉച്ചക്കും കാട്ടാനയിറങ്ങി. ഉച്ചക്ക് രണ്ടോടെ പ്രദേശത്തെത്തിയ ഒറ്റയാൻ ചക്ക കഴിച്ച് മടങ്ങി. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. ആദിവാസി മേഖലയിൽ വാഹനസൗകര്യം കുറവായതിനാൽ കിലോമീറ്ററുകളോളം നടന്ന് സ്കൂളുകളിലെത്തുന്ന വിദ്യാർത്ഥികൾ വന്യമൃഗ ആക്രമണത്തിൽപ്പെടാറുണ്ട്.
സോളാർ വേലി തകർന്നു
സൗരോർജ്ജ വേലി നിർമ്മിച്ച് ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് 68 ലക്ഷം രൂപയോളം ചിലവഴിച്ച് സൗരോർജ്ജ വേലി സർക്കാർ നിർമ്മിച്ചു നൽകി.എന്നാൽ പല സ്ഥലങ്ങളിലും സോളാർ വേലി തകർന്ന് ലക്ഷങ്ങൾ പാഴായ നിലയിലാണ്.വനം വകുപ്പിന്റെ ഭാഗത്തു നിന്നും അടിയന്തിര നടപടി ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ആനക്കിടങ്ങ് പാതിവഴിയിൽ
ജനവാസ മേഖലകളിലെ കാട്ടാന ശല്യം രൂക്ഷമായതിനെ തുടർന്ന് എട്ടു കിലോമീറ്റർ ദൈർഘ്യത്തിൽ ഒരു കോടി നാലു ലക്ഷം രൂപ ചെലവിൽ നിർമ്മാണം ആരംഭിച്ച ആനക്കിടങ്ങ് നിർമ്മാണം പാതിവഴിയിൽ നിലച്ചു. 2024 ലാണ് പദ്ധതി ആരംഭിച്ചത്. ഇടവം പള്ളിയുടെ താഴ്ഭാഗത്തു നിന്നും കോളച്ചൽ വരെ ഒരു കിലോമീറ്റർ ദൂരത്തിൽ മാത്രമാണ് കിടങ്ങു നിർമ്മാണം നടന്നത്.
കോളച്ചൽ വളവിൽ നിന്നും ഇടിഞ്ഞാർ വരെയുള്ള രണ്ടു കിലോമീറ്റർ ദൂരവും മഞ്ഞണത്തുംകടവു മുതൽ ചെന്നല്ലിമൂട് വരെയുള്ള ഒന്നര കിലോമീറ്റർ ദൂരവും നിർമ്മാണം ഒന്നുമായിട്ടില്ല. നിർമ്മാണം നടന്ന കിടങ്ങുകളിൽ ചില ഭാഗങ്ങളിൽ സർക്കാർ നിർദ്ദേശിച്ച നീളവും വീതിയും ഇല്ലെന്ന് വനംവകുപ്പ് ചൂണ്ടിക്കാണിച്ചതോടെയാണ് കരാറുകാരൻ നിർമ്മാണം നിറുത്തിവച്ചത്.
പാറ പൊട്ടിക്കാതെ നിർമ്മാണം
2.5 മീറ്റർ ആഴത്തിലും 2 മീറ്റർ വീതിയിലുമാണ് കിടങ്ങുകൾ നിർമ്മിക്കേണ്ടത്. എന്നാൽ പാറയുള്ള ഭാഗങ്ങളിൽ പാറ പൊട്ടിച്ചു മാറ്റാതെയാണ് നിർമ്മാണം നടന്നിരുന്നത്. ഇത് വനംവകുപ്പ് തടയുകയായിരുന്നു.പാറയുള്ള ഭാഗത്ത് കിടങ്ങ് നിർമ്മിച്ചില്ലെങ്കിൽ അതുവഴി വന്യമൃഗങ്ങൾ ജനവാസ മേഖലയിലെത്തുമെന്നാണ് വനപാലകർ പറയുന്നത്. ഒരു കിലോമീറ്റർ നിർമ്മാണത്തിന് 13 ലക്ഷം രൂപയാണ് നൽകുന്നത്.