ഔട്ടർ റിംഗ് റോഡ് നിർമ്മാണ ഉത്തരവ് അടുത്തമാസം വിഴിഞ്ഞം തുറമുഖത്തിന് വികസന ഇടനാഴി

Thursday 05 June 2025 3:46 AM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വികസനത്തിനുള്ള ഇടനാഴിയായി മാറുന്ന വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡ് നിർമ്മാണത്തിന് അടുത്തമാസം ഉത്തരവിറങ്ങും. 7900 കോടി ചെലവിൽ മൂന്നുവർഷത്തിനകം റോഡ് പൂർത്തിയാകുന്നതോടെ, തുറമുഖത്തിന്റെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനാകും.

റോഡിന് ഇരുവശത്തുമായി എട്ട് സാമ്പത്തിക മേഖലകളിലായി 34,000 കോടിയുടെ വികസനപദ്ധതികൾ വരും. റോഡ് നിർമ്മാണത്തിനുമാത്രം 3918 കോടിയാണ് ചെലവ്. 62.7കിലോമീറ്റർ പാതയുടെ 5 കി.മീ ചുറ്റളവിൽ ലോജിസ്റ്റിക് ഹബുകളും ഇക്കണോമിക്കൽ ആൻഡ് കൊമേഴ്സ്യൽ സോണുകളുമടക്കം ടൗൺഷിപ്പുകളും സാമ്പത്തിക-വാണിജ്യ-ലോജിസ്റ്റിക്‌സ്-ട്രാൻസ്‌പോർട്ട് സോണുകളുമുണ്ടാകും.

വിഴിഞ്ഞം,കോവളം,കാട്ടാക്കട,നെടുമങ്ങാട്,വെമ്പായം,മംഗലപുരം,കിളിമാനൂർ,കല്ലമ്പലം എന്നിങ്ങനെയാണ് 8സാമ്പത്തിക മേഖലകൾ. നോളഡ്ജ് ഹബുകൾ,വ്യവസായ പാർക്കുകൾ,വിനോദകേന്ദ്രങ്ങൾ,ടൗൺഷിപ്പുകൾ,ആശുപത്രികൾ എന്നിവ സജ്ജമാകുന്നതോടെ രണ്ടരലക്ഷം തൊഴിലവസരങ്ങളുണ്ടാവും. മലിനജല സംസ്‌കരണം,ഗതാഗതം,ജലവിതരണം,ഖരമാലിന്യ സംസ്‌കരണം,ഡ്രെയിനേജ് സംവിധാനം,വൈദ്യുതി വിതരണം,ടെലികമ്യൂണിക്കേഷൻ,വിവരസാങ്കേതികവിദ്യ എന്നിവയിൽ അടിസ്ഥാനസൗകര്യങ്ങളും വർദ്ധിക്കും. 45 മീറ്റർ വീതിയിലാണ് പാത.

റോഡിനായി 314 ഹെക്ടർ ഭൂമിയേറ്റെടുക്കൽ

24 താലൂക്കുകളിൽ ഭൂമിയേറ്റെടുക്കൽ അതിവേഗം പുരോഗമിക്കുകയാണ്. 8 പ്രധാന ജംഗ്ഷനുകളും ഔട്ടർറിംഗ് റോഡ് എൻ.എച്ച് 66മായി ചേരുന്ന വിഴിഞ്ഞം,നാവായിക്കുളം എന്നിവിടങ്ങളിൽ ട്രംപെറ്റ് ഇന്റർചേഞ്ചും നിർമ്മിക്കും. വിഴിഞ്ഞം-തേക്കട, തേക്കട-നാവായിക്കുളം എന്നിങ്ങനെ രണ്ടു റീച്ചുകളായി തിരിച്ചായിരിക്കും നിർമ്മാണം. ഭൂമിയേറ്റെടുക്കലിന്റെ പകുതി ചെലവായ 930.41കോടി സംസ്ഥാനമാണ് വഹിക്കുന്നത്. സർവീസ് റോഡിന്റെ നിർമ്മാണത്തിനുള്ള 477.33 കോടിയും സംസ്ഥാനം നൽകും. നിർമ്മാണ സാമ​ഗ്രികളുടെ സംസ്ഥാന ജി.എസ്.ടി ഒഴിവാക്കുന്നതിലൂടെ 210.63 കോടി രൂപയുടെയും മണ്ണും കല്ലും ഉൾപ്പെടെയുള്ളവയുടെ റോയൽറ്റി വഴിയുള്ള 10.87 കോടി രൂപയുടെ വരുമാനവും സംസ്ഥാനം വേണ്ടെന്നുവച്ചിട്ടുണ്ട്. ഔട്ടർ റിംഗ് റോഡിന്റെ നിർമ്മാണത്തിനിടെ ലഭ്യമാകുന്ന കരിങ്കൽ ഉത്പന്നങ്ങളും മറ്റ് പാറ ഉത്പന്നങ്ങളും റോയൽറ്റി ഇളവ് ലഭിക്കുന്ന ഉത്പന്നങ്ങളും ഈ പാതയുടെ നിർമ്മാണത്തിന് മാത്രമേ ഉപയോഗിക്കാവൂ.

വരുന്നത് വമ്പൻ പാത

മൂന്ന് വലിയ പാലങ്ങൾ,16ചെറിയപാലങ്ങൾ,5വയഡക്റ്റുകൾ, 90അണ്ടർപാസുകളോ ഓവർപാസുകളോ,9ഫ്ലൈഓവറുകൾ, 54പൈപ്പ് കൾവർട്ടുകൾ,44ബോക്സ് കൾവർട്ടുകൾ എന്നിവയുമുണ്ട്. റിംഗ് റോഡിന്റെ തുടർച്ചയായി കടമ്പാട്ടുകോണത്തുനിന്ന് ആരംഭിക്കുന്ന കൊല്ലം-ചെങ്കോട്ട ഗ്രീൻഫീൽഡ് ദേശീയപാത നിർമ്മിക്കുന്നതോടെ വിഴിഞ്ഞത്തു നിന്നുള്ള ചരക്കുനീക്കം കൂടുതൽ സുഗമമാകും.

ടൗൺഷിപ്പുകൾ ഇവിടങ്ങളിൽ

വിഴിഞ്ഞം--------------ലോജിസ്റ്റിക്സ്

കോവളം---------------ഹെൽത്ത് ടൂറിസം

കാട്ടാക്കട--------------ഗ്രീൻ ഇൻഡസ്ട്രി

കിളിമാനൂർ-----------ഫുഡ് പ്രോസസിംഗ്

കല്ലമ്പലം---------------അഗ്രോ പ്രോസസിംഗ്