പട്ടുവത്തേയ്ക്കുള്ള ഗതാഗതവും പുനസ്ഥാപിച്ചു.
തളിപ്പറമ്പ്: ചിറവക്ക് പുളിമ്പറമ്പ് വഴി പട്ടുവത്തേക്കുള്ള ഗതാഗതവും അധികൃതർ ഇന്നലെ പുനഃസ്ഥാപിച്ചു. ദേശീയപാത ബൈപ്പാസ് കടന്നുപോകുന്ന മഞ്ചക്കുഴിയിൽ മണ്ണിടിച്ചിൽ രൂക്ഷമായതിനെ തുടർന്നാണ് ഇതുവഴി ഗതാഗതം
നിർത്തിവച്ചിരുന്നത്.
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് വാഹനങ്ങൾ കടത്തിവിട്ട് തുടങ്ങിയത്. കെ.എസ്. ഇ.ബി. യുടെ ഹൈടെൻഷൻ ലൈനുകൾ ഉള്ള ഒരു വശമായിരുന്നു ഇവിടെ ഇടിഞ്ഞത്. തൂണുകൾ ഉൾപ്പെടെ മാറ്റി സ്ഥാപിച്ചും മരങ്ങൾ മുറിച്ച് മാറ്റിയുമാണ് ഇവിടെ റോഡിലെ തടസങ്ങൾ നീക്കിയത്. ഇവിടെ ഇടിഞ്ഞ ഭാഗത്തിന് എതിർവശത്ത് റോഡിന് വീതി കൂട്ടുന്നതിനായി 15 അടി താഴ്ചയിൽ ജില്ലി നിരത്തിയിട്ടുണ്ട്. ഇനിയും മണ്ണിടിയാതിരിക്കാൻ റോഡിന്റെ ഇരുവശവും ബണ്ടുകൾ നിർമ്മിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം മഴ കുറഞ്ഞതോടെ ഇരുചക്രവാഹനങ്ങളെ ഇതുവഴി കടത്തിവിട്ടിരുന്നു. ഇതുവഴി ഗതാഗതം തടഞ്ഞതിനെ തുടർന്ന് തളിപ്പറമ്പിൽ നിന്ന് ബസുകളും ഓട്ടോകളും ഏറെ ചുറ്റിയാണ് പുളിമ്പറമ്പ്, പട്ടുവം ഭാഗങ്ങളിലേക്ക് എത്തിയിരുന്നത്. ദുരിതം വിവരിച്ച് ബസ് ഓപ്പറേറ്റേഴ്‌സ് വെൽഫെയർ അസോസിയേഷൻ തളിപ്പറമ്പ് ആർ.ഡി.ഒ ഓഫീസുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് പ്രവൃത്തിയുടെ വേഗത കൂട്ടി ഇന്നലെ റോഡ് പൂർണമായി തുറന്നത്