ചെങ്ങളായിയിൽ റോഡിൽ വൻഗർത്തം

Wednesday 04 June 2025 10:10 PM IST

അഞ്ച് മീറ്ററോളം ആഴം

കണ്ണൂർ: ചെങ്ങളായി ചുഴലി കാവുമ്പായി റോഡിൽ വൻ ഗർത്തം കണ്ടെത്തി.കെ.എസ്.ഇ.ബിയുടെ ജോലി ചെയ്തിരുന്നവരാണ് ഗർത്തം കണ്ടെത്തിയ വിവരം പി.ഡബ്ല്യു.ഡി അധികൃതരെ അറിയിച്ചത്.ചെറിയ വിള്ളലോടെ കഴിഞ്ഞ രാത്രി രൂപപ്പെട്ട കുഴി ഇന്നലെ രാവിലെയായപ്പോഴാണ് വലിയ ഗർത്തമായി മാറിയത്.

ഗർത്തം രൂപപ്പെട്ടത് സോയിൽ പൈപ്പിംഗ് പ്രതിഭാസം മൂലമാണെന്ന് സ്ഥലം സന്ദർശിച്ച് പ്രാഥമിക പരിശോധന നടത്തിയ വിദഗ്ധ സംഘം സ്ഥിരീകരിച്ചു. റോഡ് കാൽ നട പോലും അസാദ്ധ്യമായതിനാൽ പൂർണമായും അടച്ചതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി അറിയിച്ചു. ഇതുവഴിയുള്ള ഗതാഗതം നിടിയേങ്ങ റോഡ് വഴി തിരിച്ചു വിട്ടു.

വലത് ഭാഗത്ത് 2.50 മീറ്റർ നീളത്തിലും 2.20 മീറ്റർ വീതിയിലും മൂന്ന് മുതൽ അഞ്ച് മീറ്റർ വരെ ആഴത്തിലുമാണ് ഗർത്തം രൂപപ്പെട്ടിട്ടുള്ളതെന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് റിപ്പോർട്ട് നൽകി. തെക്ക് പടിഞ്ഞാറ് ദിശയിൽ ഗർത്തം നീണ്ടു പോകുന്നതായി കാണുന്നു. പ്രസ്തുത സ്ഥലത്ത് നേരത്തെ രൂപപ്പെട്ടിട്ടുള്ള സോയിൽ പൈപ്പിംഗ് മുഖേനയുളള കുഴൽ രൂപത്തിലുള്ള ഗർത്തത്തിലേക്ക് അതിവൃഷ്ടിയെ തുടർന്ന് ഇന്റേണൽ സീപേജ് മുഖേന മണ്ണിടിഞ്ഞ് താഴ്ന്നതാകാം റോഡിൽ ഗർത്തം രൂപപ്പെടാനിടയാക്കിയത് എന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നുവെന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. അസിസ്റ്റന്റ് ജിയോളജിസ്റ്റ് സി ധനശ്രീ, മണ്ണ് സംരക്ഷണ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ സി.ജെ.സണ്ണി എന്നിവർ സ്ഥല പരിശോധന നടത്തി.

സോയിൽ പൈപ്പിംഗ്

ഭൂമിക്കടിയിൽ മണ്ണൊലിപ്പുണ്ടാകുന്ന പ്രതിഭാസമാണ് സോയിൽ പൈപ്പിംഗ്. ഭൗമാന്തർഭാഗത്ത് ടണലുകൾ രൂപപ്പെടുകയും അതിന്റെ ഫലമായി നദിയൊഴുകുന്നത് പോലെ നിരവധി കൈവഴികളായി ചെറുതുരങ്കങ്ങൾ രൂപപ്പെടുകയും അതിലൂടെ ദൃഢത കുറഞ്ഞ കളിമണ്ണും ദ്രവിച്ച പാറക്കഷണങ്ങളും ഒഴുകി മലയുടെ അടിവാരത്തേക്ക് ടണലിലൂടെ നിക്ഷേപിക്കപ്പെടുകയും ചെയ്യും. ഇതിലൂടെ ഒരു പ്രദേശം മുഴുവൻ ദുർബലമാവുകയും ഇടിച്ചിലിന് കാരണമാവുകയും ചെയ്യും.സാധാരണ നിലയിൽ ഗർത്തങ്ങൾ രൂപപ്പെടുംവരെ പുറമെ യാതൊരു സൂചനയും ലഭിക്കില്ല.