പാർലമെന്റ് സമ്മേളനം ജൂലായ് 21 മുതൽ
Thursday 05 June 2025 1:22 AM IST
ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലായ് 21 മുതൽ ആഗസ്റ്റ് 12 വരെ നടക്കുമെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അദ്ധ്യക്ഷനായ പാർലമെന്ററികാര്യ മന്ത്രിസഭാ സമിതിയാണ് തീയതി ശുപാർശ ചെയ്തത്. ഓപ്പറേഷൻ സിന്ദൂർ ചർച്ച ചെയ്യാൻ അതിനുമുൻപ് പ്രത്യേക സമ്മേളനം വിളിക്കുമോയെന്നതിൽ വ്യക്തത വരുത്തിയിട്ടില്ല. ജൂൺ 16ന് ഒരു ഏകദിന പ്രത്യേക സമ്മേളനം വിളിക്കുമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നെങ്കിലും സർക്കാർ സ്ഥിരീകരിച്ചിട്ടില്ല. വിഷയം വർഷകാല സമ്മേളനത്തിൽ ചർച്ച ചെയ്തേക്കും. വീട്ടിൽ പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് സൂചന.