തകർക്കപ്പെട്ട ഗാന്ധിസ്തൂപം പുനസ്ഥാപിക്കാൻ നേതാക്കളെത്തുന്നു; പാർട്ടിഗ്രാമങ്ങളിലേക്ക് കടക്കാൻ കോൺഗ്രസ് ; മലപ്പട്ടം വഴി

Wednesday 04 June 2025 10:26 PM IST

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പിന് മുൻപ് ജില്ലയിൽ പാർട്ടി പ്രവർത്തനം ഊർജ്ജിതമാക്കാൻ കോൺഗ്രസ്.സി.പി.എം പാർട്ടിഗ്രാമമായ മലപ്പട്ടത്ത് ഗാന്ധിപ്രതിമ തകർക്കപ്പെട്ടതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങൾ ആയുധമാക്കി അണികളിൽ ആത്മവിശ്വാസം പകരാനുള്ള പ്രവർത്തനങ്ങളാണ് കോൺഗ്രസ് നേതൃത്വം ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ തുടക്കമെന്ന നിലയിൽ കോൺഗ്രസിലെ പ്രമുഖ നേതാക്കൾ നേരിട്ടെത്തി തകർക്കപ്പെട്ട ഗാന്ധിപ്രതിമ പുനസ്ഥാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കും.

കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് ഉൾപ്പെടെയുള്ള ഭാരവാഹികൾ ഇതിനായി എത്തും. കെ.പി.സി.സി നേരിട്ടാണ് ഗാന്ധി സ്തൂപം സ്ഥാപിക്കുന്നത്. ഇതിനായി കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പിലും പി.സി വിഷ്ണുനാഥും വെള്ളിയാഴ്ച മലപ്പട്ടത്തെത്തും.

മലപ്പട്ടം അടുവാപ്പുറത്തെ ഗാന്ധി സ്തൂപം തകർത്തതുമായി ബന്ധപ്പെട്ടാണ് മലപ്പട്ടം മേഖലയിൽ സംഘർഷമുണ്ടായത്. ഇതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് നേതാവ് സനീഷിന്റെ വീട് ആക്രമിക്കപ്പെട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ നടത്തിയ കാൽനട ജാഥയും സംഘർഷത്തിൽ കലാശിച്ചു. ഈ ജാഥയിൽ രാഹുൽ നടത്തിയ വെല്ലുവിളി പ്രസംഗം സി.പി.എം പ്രവർത്തകരെ പ്രകോപിപ്പിരുന്നു. അതിന്റെ അലയൊലി ഇന്നും മലപ്പട്ടത്തുണ്ട്. അക്രമിക്കപ്പെടുമെന്ന ഭീതിയിലാണ് കോൺഗ്രസ് പ്രവർത്തകർ. അതിനിടെയാണ് പ്രവർത്തകർക്ക് ആത്മവിശ്വാസം പകരാൻ നേതൃത്വം എത്തുന്നത്.

ഗാന്ധി സ്തൂപം അനാച്ഛാദനം നാളെ

വെള്ളിയാഴ്ച കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഗാന്ധി സ്തൂപം അനാച്ഛാദനം ചെയ്യുമെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു.മലപ്പട്ടം സർക്കാർ സ്‌കൂൾ പരിസരത്തുനിന്ന് ആരംഭിക്കുന്ന ഗാന്ധിയാത്രയ്ക്ക് ശേഷമായിരിക്കും സ്തൂപം അനാച്ഛാദനം. നേരത്തേ സി.പി.എം നടത്തിയ പ്രതിഷേധ യോഗത്തിൽ, സനീഷിന്റെ അടുക്കളയിൽ പോലും ഗാന്ധി പ്രതിമ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് വിഷയം കെ.പി.സി.സി ഏറ്റെടുത്തത്. കെ.പി.സി.സിയുടെ നേതൃത്വത്തിൽ മലപ്പട്ടത്ത് ഗാന്ധിപ്രതിമ സ്ഥാപിക്കുമെന്ന് കെ.സുധാകരനാണ് പ്രഖ്യാപനം നടത്തിയത്.

മലപ്പട്ടമെന്ന ചെങ്കോട്ട

പഞ്ചായത്ത് രൂപീകരിച്ച ശേഷം സി.പി.എം അല്ലാതെ മറ്റാരും മലപ്പട്ടം പഞ്ചായത്തിൽ ഭരണം നടത്തിയിട്ടില്ല. കോൺഗ്രസ് ജനാധിപത്യ അതിജീവന പദയാത്ര സംഘടിപ്പിച്ചതും അത് സംഘർഷത്തിലേക്ക് വഴിമാറിയതും ഈ മലപ്പട്ടത്താണ്. പാർട്ടി ഗ്രാമത്തിലൂടെയുള്ള കോൺഗ്രസിന്റെ പദയാത്ര ഏതുസമയത്ത് പൊട്ടിത്തെറിയിലേക്ക് മാറുമെന്ന് പൊലീസിനടക്കം സൂചനയുണ്ടായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മലപ്പട്ടത്തെ രണ്ടാം വാർഡ് ആയ അടൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ബാലകൃഷ്ണൻ മേലേക്കടവത്ത് 51 വോട്ടിന് ജയിച്ച് സി.പി.എമ്മിനെ ഞെട്ടിച്ചിരുന്നു.