വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കും, പിന്നെ, പാലത്തിനടിയിൽ കൂട്ടിയിടും !
Thursday 05 June 2025 2:42 AM IST
അമ്പലപ്പുഴ: കഞ്ഞിപ്പാടം പ്രദേശങ്ങളിലെ വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം,പാലത്തിനടിയിൽ കൂട്ടിയിട്ടിരിക്കുന്നത് നാട്ടുകാർക്ക് തലവേദനയാകുന്നു. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേന വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യമാണ് കഞ്ഞിപ്പാടം പാലത്തിന് താഴെ സ്റ്റോക്ക് ചെയ്യുന്നത്. ദീർഘനാളുകളായി ഇവ മാറ്റാത്തതിനാൽ വെള്ളം കയറി ദുർഗന്ധം വമിക്കുകയും ചുറ്റിലും
കാടുപിടിക്കുകയും ഇഴജന്തുക്കൾ താവളമാക്കുകയും ചെയ്തതോടെ നാട്ടുകാർക്ക് ഇത് പൊതുശല്യമായി.മാലിന്യം എത്രയും വേഗം മാറ്റിയില്ലെങ്കിൽ സമരത്തിനിറങ്ങുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.