ഓണമുണ്ണാൻ നാടൻകനിയുമായി കുടുംബശ്രീ

Thursday 05 June 2025 3:11 AM IST

വിഴിഞ്ഞം: ഓണത്തിന് ചരിത്രം സൃഷ്ടിക്കാൻ കുടുംബശ്രീ ഒരുങ്ങിക്കഴിഞ്ഞു. പച്ചക്കറി മുതൽ ചിപ്സും ശർക്കര വരട്ടിയും ഉൾപ്പെടെ ഓണ സദ്യയ്ക്കാവശ്യമായ വിഭവങ്ങളെല്ലാം കുടുംബശ്രീ വിപണിയിലെത്തിക്കും. പൂക്കളമിടാനുള്ള പൂക്കളും കൃഷി ചെയ്യും.

25,680 ഏക്കറിലെ പച്ചക്കറിക്കൃഷിക്കാണ് ഇന്നലെ കോട്ടുകാലിൽ തുടക്കം കുറിച്ചത്.

കഴിഞ്ഞ വർഷം 68,82 ഏക്കറിലായിരുന്നു കൃഷി.

കഴിഞ്ഞ വർഷം കുടുംബശ്രീയുടെ വനിതാ കർഷകർക്ക് ഓണക്കാലത്ത് ലഭിച്ചത് 7.8 കോടിയുടെ വിറ്റുവരവായിരുന്നു. കൃഷിക്കായി അത്യുത്പാദനശേഷിയുള്ള സങ്കരയിനം പച്ചക്കറിത്തൈകൾ കുടുംബശ്രീ ജൈവിക പ്ലാന്റ് നഴ്സറി വഴിയാണ് തയ്യാറാക്കിയത്. പയർ, വെണ്ട, തക്കാളി, മുളക്, പാവൽ, പടവലം, മത്തൻ, വഴുതന, ചുരക്ക, കുമ്പളം തുടങ്ങി എല്ലാ പച്ചക്കറികളും കൃഷി ചെയ്യുന്നു. പച്ചക്കറി തൈകൾ തയ്യാറാക്കുന്നതിന് ഓരോ സി.ഡി.എസിലും സംഘകൃഷി ഗ്രൂപ്പുകൾക്ക് 25,000 രൂപ റിവോൾവിംഗ് ഫണ്ട് നൽകിയിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് എല്ലാ പ്രദേശത്തും വിപുലമായ ജനകീയ വിളവെടുപ്പ് ഉത്സവങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. കർഷകർക്ക് ആവശ്യമായ അത്യുത്പാദന ശേഷിയുള്ള സങ്കരയിനം പച്ചക്കറിത്തൈകളും ചെണ്ടുമല്ലിത്തൈകളും കുടുംബശ്രീ ജൈവികപ്ലാന്റ് നഴ്സറികൾ മുഖേന തയ്യാറാക്കി നൽകും.