നാലംഗ കുടുംബത്തിന്റെ മരണം ; സമഗ്ര അന്വേഷണം വേണം: പാലോട് രവി

Thursday 05 June 2025 1:29 AM IST

തിരുവനന്തപുരം: വക്കത്ത് ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി ആവശ്യപ്പെട്ടു.

സി.പി.എം ലോക്കൽകമ്മിറ്റി അംഗവും വക്കം ഫാർമേഴ്സ് സർവീസ് സഹകരണസംഘത്തിലെ ജീവനക്കാരനുമായ അനിൽകുമാർ,ഭാര്യ സെക്രട്ടേറിയറ്റിലെ താത്കാലിക ജീവനക്കാരി ഷീജ,മക്കളായ അശ്വിൻ,ആകാശ് എന്നിവരാണ് മരിച്ചത്. അശ്വിൻ ഡി.വൈ.എഫ്‌.ഐ വക്കം മേഖലാ പ്രസിഡന്റും എസ്.എഫ്‌.ഐ ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി അംഗവുമായിരുന്നു. വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിലെയും ഡയറിയിലെയും വിവരങ്ങൾ പൊലീസ് രഹസ്യമാക്കി വച്ചിരിക്കുകയാണ്.

സി.പി.എം നേതൃത്വത്തിലുള്ള സംഘത്തിൽ മുമ്പ് മുക്കുപണ്ടം പണയംവച്ച് തുക തട്ടിയ സംഭവമുണ്ടായപ്പോൾ ജയപാലൻ എന്നയാളെ മാത്രം കുറ്റവാളിയാക്കി,​തുടർന്ന് അയാൾ ആത്മഹത്യ ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കി. കൂട്ട ആത്മഹത്യയ്ക്ക് കാരണക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും പാലോട് രവി ആവശ്യപ്പെട്ടു.