ചാരവൃത്തി: പഞ്ചാബി യുട്യൂബർ പിടിയിൽ
അമൃത്സർ: ജ്യോതി മൽഹോത്രയ്ക്കു പിന്നാലെ പാകിസ്ഥാന് വേണ്ടിചാരവൃത്തി നടത്തിയ ട്രാവൽ വ്ലോഗർ കൂടി പിടിയിൽ. പഞ്ചാബ് സ്വദേശിയായ ജസ്ബീർ സിംഗാണ് അറസ്റ്രിലായയത്. 'ജാൻമഹൽ വീഡിയോ" എന്ന യുട്യൂബ് ചാനൽ നടത്തുന്ന ഇയാൾക്ക് പാക് ചാരസംഘടനയായ ഐ.എസ്.ഐയിലെ അംഗമായ ഷാക്കിർ എന്നയാളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി.
ജ്യോതി മൽഹോത്രയുമായും ഇയാൾക്ക് ബന്ധമുണ്ടായിരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. ജ്യോതി അടുപ്പം പുലർത്തിയിരുന്ന, ഇന്ത്യ പുറത്താക്കിയ പാക് ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥൻ ഡാനിഷുമായും ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. നിരവധി പാകിസ്ഥാൻ നമ്പറുകൾ ഇയാളുടെ ഫോണിൽ സേവ് ചെയ്തിട്ടുണ്ട്.
മൂന്ന് തവണ പാകിസ്ഥാൻ സന്ദർശിച്ച ജസ്ബീർ സിംഗ് ഡൽഹിയിലെ പാക് എംബസിയിൽ നടന്ന പ്രധാന ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട്. ഡാനിഷിന്റെ ക്ഷണപ്രകാരം ഡൽഹിയിലെ പാക് എംബസിയിൽ നടന്ന പാകിസ്ഥാൻ ദേശീയ ദിന പരിപാടിയിൽ പങ്കെടുത്തു. ജ്യോതി അറസ്റ്റിലായ ശേഷം പാകിസ്ഥാൻ നമ്പറുകളും അവരുമായുള്ള ചാറ്റും നീക്കം ചെയ്യാൻ ജസ്ബീർ ശ്രമിച്ചു.
കഴിഞ്ഞ ദിവസം, ഇന്ത്യയുടെ സൈനിക നീക്കങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവച്ചതിന് തരൺ തരൺ നിവാസിയെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗഗൻദീപ് സിംഗ് എന്നയാൾ വിദേശികളിൽ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 'ട്രാവൽ വിത്ത് ജോ" എന്ന പേരിൽ യുട്യൂബ് ചാനൽ നടത്തിയിരുന്ന ജ്യോതി മൂന്ന് തവണ കുറഞ്ഞത് പാകിസ്ഥാൻ സന്ദർശിച്ചിട്ടുണ്ട്.