'ഇന്ത്യ' സഖ്യം വിട്ട് ആം ആദ്‌മി

Thursday 05 June 2025 1:08 AM IST

ന്യൂഡൽഹി: ബി.ജെ.പി വിരുദ്ധ 'ഇന്ത്യ' സഖ്യത്തിൽ തുടരുന്നത് കൊണ്ട് നേട്ടമില്ലെന്ന തിരിച്ചറിവിൽ ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ആം ആദ്‌മി പാർട്ടി തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.

'ഇന്ത്യ'മുന്നണി 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനായി മാത്രം രൂപീകരിച്ച സംവിധാനമായിരുന്നുവെന്നും പ്രതിപക്ഷ പാർട്ടികൾക്ക് 240 സീറ്റുകൾ ഉറപ്പാക്കാൻ ആം ആദ്‌മി പാർട്ടിയും പ്രവർത്തിച്ചെന്നും പാർട്ടി നേതാവ് അനുരാഗ് ധണ്ട പറഞ്ഞു. ആ ലക്ഷ്യം നേടിയെടുത്തതിനാൽ ഇനി സഖ്യത്തിൽ തുടരാൻ പാർട്ടി ആഗ്രഹിക്കുന്നില്ല. ഇക്കൊല്ലം നടക്കുന്ന ബീഹാറടക്കം എല്ലാ സംസ്ഥാന തിരഞ്ഞെടുപ്പുകളിലും പാർട്ടി ഒറ്റയ്ക്ക് മത്സരിക്കും. അതേസമയം പാർലമെന്റിൽ, രാജ്യ താത്‌പര്യത്തിന് അനുസൃതമായി പ്രതിപക്ഷ നിലപാടിനെ പിന്തുണയ്ക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലും ഗുജറാത്തിലും ഹരിയാനയിലും സഖ്യകക്ഷികളായതിന്റെ പ്രയോജനം ആം ആദ്‌മി പാർട്ടിക്ക് ലഭിച്ചിരുന്നില്ല. അതേ തുടർന്നുള്ള ചർച്ചകളാണ് സഖ്യം വിടുന്നതിലേക്ക് നയിച്ചത്.

കോൺഗ്രസിന് ബി.ജെ.പി

അനുകൂലമായ നിലപാട്

അണിയറയിൽ സഖ്യം കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ്.

'ഇന്ത്യ' മുന്നണിയുടെ ഭാഗമായി തുടരുമ്പോഴും കഴിഞ്ഞ ഡൽഹി, ഹരിയാന തിരഞ്ഞെടുപ്പുകളിൽ ആം ആദ്‌മി പാർട്ടിയും കോൺഗ്രസും ഒറ്റയ്‌ക്കാണ് മത്സരിച്ചത്. 'ഇന്ത്യ' മുന്നണിക്കുള്ളിൽ നിന്നുകൊണ്ട് ബി.ജെ.പിക്ക് അനുകൂലമായ നിലപാടുകളാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. നരേന്ദ്രമോദിക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുന്ന കാര്യങ്ങൾ മാത്രമാണ് രാഹുൽ ഗാന്ധി പറയുന്നത്. പകരം, ഗാന്ധി കുടുംബത്തെ ജയിലിൽ അടയ്‌ക്കാതെ മോദി രക്ഷിക്കുന്നു. രാഹുൽ ഗാന്ധിയും മോദിയും വേദിയിൽ എതിരാളികളായി പ്രത്യക്ഷപ്പെട്ടേക്കാം, പക്ഷേ അവർ പരസ്പരം രാഷ്ട്രീയ നിലനിൽപ്പിന് പിന്തുണ നൽകുന്നവരാണ്.കോൺഗ്രസിന്റെ ദുർബലമായ രാഷ്ട്രീയം ബി.ജെ.പിയെ ശക്തിപ്പെടുത്തുന്നു. ബി.ജെ.പി ഭരണം കോൺഗ്രസിന്റെ അഴിമതിയെ മറയ്ക്കുന്നു-ധണ്ട ചൂണ്ടിക്കാട്ടി.