അഭയ സംവിധാനം നിയമവിരുദ്ധ കുടിയേറ്റം കൂട്ടുന്നു: യു.എസ് വിദഗ്ദ്ധൻ
വാഷിംഗ്ടൺ: നിയമവിരുദ്ധ കുടിയേറ്റം വർദ്ധിക്കാൻ കാരണമാകുന്ന പ്രധാന ആഗോള ഘടകങ്ങളിൽ ഒന്ന് അഭയ സംവിധാനം ആണെന്ന് യു.എസ് സർക്കാരിന്റെ ഉപദേഷ്ടാവും കുടിയേറ്റ വിദഗ്ദ്ധനുമായ മൈക്കൽ ഹഫ്. ഇന്ത്യയിലെയും വിയറ്റ്‌നാമിലെയും യു.എസ് എംബസികളുടെ നേതൃത്വത്തിൽ നടന്ന വെർച്വൽ ചർച്ചയിൽ നിയമ വിരുദ്ധ കുടിയേറ്റത്തിന്റെ അപകട സാദ്ധ്യകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജോ ബൈഡൻ ഭരണകൂടം സ്വീകരിച്ച അഭയ നയങ്ങൾ യു.എസിൽ അനധികൃത കുടിയേറ്റം വർദ്ധിക്കാൻ കാരണമായി. യു.എസിലേക്ക് പ്രവേശിക്കുന്നതിന് കുടിയേറ്റക്കാർ നിയമപരമായ വഴികൾ തേടണം. യു.എസിലെ നിയമങ്ങൾ പാലിക്കണം. വിദേശികൾ വിസാ കാലാവധി കഴിഞ്ഞ് യു.എസിൽ തങ്ങരുതെന്നും ഇത് നാടുകടത്തലിനും ഭാവിയിൽ രാജ്യത്തേക്കുള്ള പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്താനും കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിർത്തി സുരക്ഷ ശക്തിപ്പെടുത്തുന്നതിനും അനധികൃത കുടിയേറ്റം തടയുന്നതിനുമുള്ള ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ സമീപനത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. മിഡിൽ ഈസ്റ്റിൽ നിന്നും ഏഷ്യയിൽ നിന്നും അടക്കം, അഭയം തേടിയുള്ള അപേക്ഷകരുടെ എണ്ണം മുൻ വർഷങ്ങളിൽ കുത്തനെ ഉയർന്നെന്നാണ് കണക്ക്. അനധികൃത കുടിയേറ്റക്കാർക്കെതിരെ ട്രംപ് ഭരണകൂടം നടപടികൾ കർശനമാക്കി വരികയാണ്.