ദ.കൊറിയയെ നയിക്കാൻ ലീ ജേ മ്യുങ്ങ്
സോൾ: ദക്ഷിണ കൊറിയയിൽ മാസങ്ങൾ നീണ്ട രാഷ്ട്രീയ പ്രതിസന്ധികൾക്കൊടുവിൽ പ്രതിപക്ഷ പാർട്ടി നേതാവായ ലീ ജേ മ്യുങ്ങ് (61) പ്രസിഡന്റായി ചുമതലയേറ്റു. ചൊവ്വാഴ്ച നടന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ 49.42 ശതമാനം വോട്ട് നേടിയാണ് ഡെമോക്രാറ്റിക് പാർട്ടി നേതാവായ ലീ അധികാരത്തിലേറിയത്. ഭരണപക്ഷമായിരുന്ന പീപ്പിൾസ് പവർ പാർട്ടിയുടെ സ്ഥാനാർത്ഥി കിം മൂൺ സൂ 41.15 ശതമാനമാണ് നേടിയത്. സിയോങ്ങ്‌നാം നഗരത്തിലെ മുൻ മേയറും ജിയോംഗി പ്രവിശ്യയിലെ മുൻ ഗവർണറുമാണ് ലീ.
പാർലമെന്റിൽ ഇംപീച്ച്മെന്റിന് വിധേയമായ പ്രസിഡന്റ് യൂൻ സുക് യോളിനെ ഏപ്രിലിൽ ഭരണഘടനാ കോടതി അധികാരത്തിൽ നിന്ന് പുറത്താക്കിയ സാഹചര്യത്തിലാണ് പുതിയ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഡിസംബറിൽ രാജ്യത്ത് അപ്രതീക്ഷിത പട്ടാള നിയമം പ്രഖ്യാപിച്ചതാണ് യൂനിന്റെ പുറത്താക്കലിലേക്ക് നയിച്ചത്.
പ്രതിപക്ഷം ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്നെന്നും ഭരണത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നെന്നും ആരോപിച്ചായിരുന്നു യൂനിന്റെ നടപടി. പ്രതിഷേധം ശക്തമായതോടെ ആറ് മണിക്കൂറിനുള്ളിൽ യൂൻ നിയമം പിൻവലിച്ചിരുന്നു.