തൃശൂരിൽ അമ്മയും മകളും കൊല്ലപ്പെട്ട സംഭവം; പ്രേംകുമാർ ആദ്യ ഭാര്യയെ കൊന്ന കേസിലും പ്രതി

Thursday 05 June 2025 8:01 AM IST

തൃശൂർ: പടിയൂർ ഇരട്ടക്കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. പടിയൂർ സ്വദേശികളായ മണി (74), മകൾ രേഖ (43) എന്നിവരാണ് കൊല്ലപ്പെട്ടത്. രേഖയുടെ ഭർത്താവ് പ്രേംകുമാറിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്. ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്.

കുടുംബ വഴക്കിനെ തുടർന്ന് പ്രേംകുമാർ കൊലപാതകം നടത്തി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴുത്ത് ഞെരിച്ചോ ശ്വാസം മുട്ടിച്ചോ കൊന്നതാകാം എന്നാണ് കരുതുന്നത്. ആദ്യ ഭാര്യയായ വിദ്യയെ കൊലപ്പെടുത്തി കാട്ടിൽ കുഴിച്ചുമൂടിയ കേസിലും പ്രതിയാണ് പ്രേംകുമാർ എന്ന് പൊലീസ് അറിയിച്ചു.

ബുധനാഴ്ച്ച പടിയൂർ പഞ്ചായത്തിന് സമീപം ഉള്ള വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ മണിയുടെ മറ്റൊരു മകളെ വിവരം അറിയിക്കുകയായിരുന്നു. ഇവർ വന്ന് വീടിന്റെ പിറക് വശത്തെ വാതിൽ തുറന്ന് അകത്ത് കയറി നോക്കിയപ്പോഴാണ് അമ്മയും മകളും വീടിന്റെ ഹാളിലും സമീപത്തെ മുറിയിലുമായി മരിച്ച് കിടക്കുന്നത് കണ്ടത്.

മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം ഉണ്ടായിരുന്നു. വീടിനുള്ളിൽ സാധനങ്ങൾ അലങ്കോലമായ നിലയിൽ ആയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് പ്രേംകുമാറിനെതിരെ ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനിൽ പരാതി നൽകിയിരുന്നതായി സഹോദരി പറഞ്ഞു. രേഖയും പുരുഷ സുഹൃത്തുക്കളും തമ്മിലുള്ള ചിത്രങ്ങൾ വസ്ത്രത്തിൽ ഒട്ടിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഭാര്യയുടെ സ്വഭാവത്തെ വിമർശിച്ചും കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാകാം കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. പ്രേംകുമാറിനെ അന്നേദിവസം വീട്ടിൽ കണ്ടിരുന്നതായി മൊഴിയുണ്ട്.