'ഇന്ത്യ സമർത്ഥമായി തിരഞ്ഞെടുത്ത നാമമാണ് ഓപ്പറേഷൻ സിന്ദൂർ'; ശശി തരൂർ

Thursday 05 June 2025 8:51 AM IST

വാഷിംഗ്‌ടൺ: ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന നാമം ഇന്ത്യ സമര്‍ത്ഥമായി നല്‍കിയതാണെന്ന് കോൺഗ്രസ് എംപി ശശി തരൂര്‍. വിദേശ രാജ്യങ്ങളില്‍ പ്രതിനിധി സംഘം സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചുള്ള തരൂരിന്റെ വിശദീകരണം. യുഎസിലെ നാഷണല്‍ പ്രസ് ക്ലബില്‍ നടന്ന ഒരു പരിപാടിയിലാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര് സ്വീകരിക്കാനുള്ള കാരണത്തെപ്പറ്റിയുള്ള ചോദ്യം ഉയര്‍ന്നത്. അതിന് ഉത്തരം നല്‍കുകയായിരുന്നു പ്രതിനിധി സംഘത്തിന്റെ തലവന്‍ കൂടിയായ ശശി തരൂര്‍.

'സിന്ദൂരം ഇന്ത്യയുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. വിവാഹിതരായ സ്ത്രീകളുടെ നെറ്റിയുടെ മദ്ധ്യഭാഗത്തായാണ് ഇത് പുരട്ടുന്നത്. ഹിന്ദുവിഭാഗത്തില്‍ നിന്നല്ലാത്ത സ്ത്രീകളും സിന്ദൂരം ഉപയോഗിക്കാറുണ്ട്. വിവാഹ ദിവസം മുതല്‍ സ്ത്രീകള്‍ സിന്ദൂരമിടല്‍ തുടങ്ങുന്നു. ഇത് പവിത്രതയുടെ പ്രതീകം കൂടിയാണ്. പഹല്‍ഗാമില്‍ തീവ്രവാദികള്‍ 26 സ്‌ത്രീകളുടെ സിന്ദൂരം തുടച്ചുമാറ്റി. ഇതിനുള്ള പ്രതികാരമാണ് ഓപ്പറേഷൻ സിന്ദൂർ.' - ശശി തരൂര്‍ പറഞ്ഞു.

33 രാജ്യങ്ങളിലെത്തി ഓപ്പറേഷന്‍ സിന്ദൂര്‍ വിവരിക്കുക എന്നതാണ് പ്രതിനിധി സംഘങ്ങളുടെ ലക്ഷ്യം. ഇവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും എന്നാണ് റിപ്പോര്‍ട്ട്. വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കറും പ്രതിനിധി സംഘങ്ങളുമായി ചർച്ച നടത്തും. പാകിസ്ഥാൻ തീവ്രവാദത്തെ പിന്തുണയ്ക്കുന്നത് തുറന്നുകാട്ടുക, പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനകളെ ലക്ഷ്യം വച്ചുള്ള ഇന്ത്യയുടെ തന്ത്രപരമായ ഭീകരവിരുദ്ധ ഓപ്പറേഷൻ സിന്ദൂറിന് പിന്നിലെ യുക്തി വിശദീകരിക്കുക എന്നിവയാണ് 59 അംഗങ്ങൾ ഉൾപ്പെടുന്ന പ്രതിനിധി സംഘത്തിന്റെ ചുമതല.