നാലാം ക്ലാസിൽ തല്ലിയത് ഓർത്തുവച്ചു; അറുപത്തിരണ്ടാം വയസിൽ പ്രതികാരം ചെയ്തു, ഒടുവിൽ കേസ്‌

Thursday 05 June 2025 9:35 AM IST

കാസർകോട്: നാലാം ക്ലാസിൽവച്ച് തല്ലിയതിന് പ്രതികാരം ചെയ്തത് അറുപത്തിരണ്ടാമത്തെ വയസിൽ. മാലോത്തെ ബാലകൃഷ്ണൻ എന്നയാളാണ് മാലോം ടൗണിനടുത്ത് താമസിക്കുന്ന വി ജെ ബാബുവിനോട് പ്രതികാരം ചെയ്തത്. ബാബുവിന്റെ പരാതിയിൽ ബാലകൃഷ്ണനും അയാളുടെ സുഹൃത്ത് മാത്യു വലിയപ്ലാക്കലിനുമെതിരെ പൊലീസ്‌ കേസെടുത്തിട്ടുണ്ട്.

മാലോത്ത് ടൗണിൽ ഈ മാസം രണ്ടിന് ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബാലകൃഷ്ണൻ ബാബുവിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചെന്നും മാത്യു കല്ലുകൊണ്ട് മുഖത്തും പുറത്തും ഇടിച്ചെന്നുമാണ് പരാതി. നാലാം ക്ലാസിൽ ഒന്നിച്ചുപഠിച്ചവരാണ് ബാബുവും ബാലകൃഷ്ണനും. അന്ന് ഇടയ്ക്കിടെ ഇരുവരും തമ്മിൽ വഴക്കുണ്ടാകാറുണ്ടായിരുന്നു.

അന്ന് മർദിച്ചതിലുള്ള വൈരാഗ്യമാണ് ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക് കാരണമെന്ന് ബാലകൃഷ്ണൻ പൊലീസിനോട് പറഞ്ഞു.