സാമ്പത്തിക തട്ടിപ്പ് കേസ്; നടൻ സൗബിൻ ഷാഹിർ അന്വേഷണ സംഘത്തിന് മുന്നിൽ ഉടൻ ഹാജരാകണം

Thursday 05 June 2025 10:58 AM IST

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് നോട്ടീസ്. 14 ദിവസത്തിനകം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് മരട് പൊലീസ് നോട്ടീസ് നൽകിയത്. സൗബിന് പുറമേ സഹനിർമാതാക്കളായ ബാബു ഷാഹിറിനും ഷോൺ ആന്റണിക്കും നോട്ടീസ് നൽകിയിട്ടുണ്ട്.

കേസിൽ അന്വേഷണം തുടരാമെന്ന് നേരത്തേ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിർമാതാക്കളുടെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു ഉത്തരവ്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് നിർമാതാക്കൾക്കുമെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് കേസന്വേഷിക്കാൻ ഉത്തരവിട്ടത്. വ്യാജരേഖ, വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് നിർമാതാക്കൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ആഗോള തലത്തിൽ 235 കോടിയിലധികം രൂപ കളക്‌ട് ചെയ്‌ത ഇൻഡസ്‌ട്രി ഹിറ്റ് ചിത്രമാണ് ചിദംബരത്തിന്റെ സംവിധാനത്തിലൊരുങ്ങിയ മഞ്ഞുമ്മൽ ബോയ്‌സ്. ഡിസ്‌നി ഹോട്ട്‌സ്റ്റാറാണ് സിനിമയുടെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിൽ നിന്ന് ഒരു സംഘം യുവാക്കൾ വിനോദസഞ്ചാരത്തിനായി കൊടൈക്കനാലിൽ എത്തുന്നതും അവിടെ അവർക്ക് നേരിടേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

ഗുണാ കേവിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്‌ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്‌ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്.