തർക്കത്തിൽ കുടുങ്ങി മണ്ണെണ്ണ വിതരണം

Friday 06 June 2025 1:12 AM IST

കോട്ടയം : മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും മേയ് മാസത്തിൽ മണ്ണെണ്ണ വിതരണം ചെയ്യുമെന്ന സർക്കാർ പ്രഖ്യാപനം പാഴ് വാക്കായി. റേഷൻ കട ഉടമകളുടെ സംഘടനയും,​ സർക്കാരുമായുള്ള തർക്കം തുടരുന്നതാണ് പ്രതിസന്ധിയ്‌ക്ക് കാരണം. കേന്ദ്രം സർക്കാർ അനുവദിച്ച മണ്ണെണ്ണ വിഹിതവും ഇതോടെ നഷ്ടമായേക്കും. ഡിപ്പോകളിൽ പോയി വങ്ങേണ്ടതിനാൽ റേഷൻ വ്യാപാരികൾ കൂടുതൽ കമ്മീഷൻ ആവശ്യപ്പെട്ടതിനാലാണ് വിതരണം നടക്കാതിരുന്നത്. വ്യാപാരികൾ വാങ്ങാനില്ലാത്തതിനാൽ ഡീലർമാർ പലരും സേവനം നിറുത്തുന്ന അവസ്ഥയാണ്. ജില്ലയിൽ കാഞ്ഞിരപ്പള്ളി, മീനച്ചിൽ , വൈക്കം താലൂക്കുകളിൽ മൂന്ന് ഹോൾസെയിൽ കടകളേയുള്ളൂ. 267 റേഷൻ കടകൾ കോട്ടയം താലൂക്കിലുണ്ടെങ്കിലും മണ്ണെണ്ണ കിട്ടണമെങ്കിൽ വ്യപാരികൾ കാഞ്ഞിരപ്പള്ളിയിൽ ചെല്ലണം. മണ്ണെണ്ണ കയറ്റാൻ മറ്റു വാഹന ഉടമകളും തയ്യാറല്ല.

റേഷൻകടകളിൽ വാഗ്വാദം

മഞ്ഞ കാർഡിന് ഒരു ലിറ്ററും, മറ്റുള്ളവർക്ക് അര ലിറ്ററും. വൈദ്യുതീകരിക്കാത്ത വീടുകൾക്ക് ആറ് ലിറ്ററും നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. മണ്ണെണ്ണ അന്വേഷിച്ചു വരുന്ന ഉപഭോക്താക്കളുമായി വാക്കുതർക്കത്തിേലർപ്പെടേണ്ട ഗതികേടിലാണ് റേഷൻ വ്യാപാരികൾ.

വ്യാപാരികളുടെ ആവശ്യം : കമ്മീഷൻ 7 രൂപയാക്കണം

''കമ്മീഷൻ കൂട്ടി തരണമെന്നില്ല മൊത്ത വിതരണകേന്ദ്രങ്ങളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ കടയിൽ മണ്ണെണ്ണ എത്തിച്ചാൽ മതി. ഇതുരണ്ടും നടക്കില്ലെന്ന സർക്കാർ നിലപാട് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല.

-കെ.കെ.ശിശുപാലൻ ( സംസ്ഥാന സെക്രട്ടറി ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ )