ഭൂമിയെ പച്ചപ്പുള്ളതാക്കൽ കാലഘട്ടത്തിന്റെ ആവശ്യം
കോട്ടയം : ഭൂമിയെ പരമാവധി പച്ചപ്പുള്ളതാക്കുകയെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സഹകരണവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി നടത്തിയ ലോകപരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മെഡിക്കൽ കോളജ് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജലസ്രോതസുകളെ ശക്തിപ്പെടുത്തിയും പ്ലാസ്റ്റിക് ഒഴിവാക്കിയും ലോകത്തോടുള്ള കടമ നിറവേറ്റാൻ ഓരോരുത്തർക്കും കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്‌കൂൾ വളപ്പിൽ ആര്യവേപ്പ്, ഞാവൽ തൈകളും മന്ത്രി നട്ടു. സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെ.എം. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, കളക്ടർ ജോൺ വി. സാമുവൽ, സഹകരണ വകുപ്പ് അഡീഷണൽ രജിസ്ട്രാർ എസ്.അഞ്ജന, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർ, പ്രിൻസിപ്പൽമാരായ ടി.എസ്. ഷീജ, രന്ദു സാറാ കുര്യൻ തുടങ്ങിയവർ സംസാരിച്ചു.