പച്ചമീൻ പേടി മാറിയില്ല, ഉണക്കമീന് ഡിമാൻഡ്

Friday 06 June 2025 12:31 AM IST

കോട്ടയം : അറബിക്കടലിലെ കപ്പലപകടത്തെ തുടർന്ന് കടൽ മീനിനോടുളള പൊതുജനങ്ങളുടെ ഭീതിയകറ്റാൻ മന്ത്രിമാർ മത്സ്യ വിഭവങ്ങൾ കഴിച്ചു കാണിച്ചെങ്കിലും പച്ചമീനോടെ അകലം പാലിക്കുകയാണ് പൊതുജനം. ഇതോടെ ഉണക്കമീന് ഡിമാൻഡേറി. കോട്ടയം മാർക്കറ്റിലടക്കം ഉണക്കമീൻ കടകളിലാണ് തിരക്ക്. കടൽ മീൻ കഴിക്കുന്നത് ദോഷകരമാണെന്നുമുള്ള പ്രചരണത്തിന്റെ മുനയൊടിക്കാനാണ് കഴിഞ്ഞ ദിവസം ആലപ്പുഴയിൽ മന്ത്രിമാർ മത്സ്യവിഭവങ്ങൾ പരസ്യമായി പങ്കുവച്ചു കഴിച്ചത്. മത്സ്യ ഉപഭോഗത്തിൽ വൻകുറവ് വന്നിട്ടുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. ഇതിന് പുറമേ, എത്തുന്നത് പഴകിയ മീനാണോയെന്ന ആശങ്കയുമുണ്ട്. ഈ സാഹചര്യത്തിലാണ് ഉണക്കമീനിലേക്ക് ആളുകൾ തിരിഞ്ഞത്. തിരണ്ടിയും തുണ്ടൻ മീനും പൊടിമീനുമെല്ലാം ഉണങ്ങിയതിന് ആവശ്യക്കാരേറി. മലയോരത്ത് കപ്പയുടെ സീസണായതിനാൽ ഉണക്കമീൻ വിഭവം ഭൂരിഭാഗം വീടുകളിലുമുണ്ട്.

 കായൽ മീന് പിടിച്ചുപറി

കുമരകം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കായൽ മീനിനും ആവശ്യക്കാരേറെയാണ്. കരിമീൻ, പരല്, പുല്ലൻ എന്നിന്നിവയാണ് ലഭിക്കുന്നത്.