ഭീതിയോടെ രാമപുരം നിവാസികൾ... ശൗര്യമൊടുങ്ങാതെ നായ, വീണ്ടും 2 പേരെ കടിച്ചു

Friday 06 June 2025 12:37 AM IST

രാമപുരം : പ്ലസ് ടു വിദ്യാർത്ഥിനിയടക്കം 2 പേരെ കടിച്ചുകീറിയിട്ടും തെരുവ് നായയുടെ ശൗര്യം ഒടുങ്ങിയില്ല. 8 വയസുകാരനെ ഉൾപ്പെടെ 2 പേരെയാണ് വീണ്ടും ആക്രമിച്ചത്. ഇതോടെ പുറത്തിറങ്ങാകാനാകാതെ ഭീതിയിലാണ് രാമപുരം നിവാസികൾ. രാമപുരം കോലത്ത് അപ്പുവിന്റെ മകൻ മെബിൻ (8), അസം സ്വദേശി ആസാദ് (31) എന്നിവർക്കാണ് കടിയേറ്റത്. ഗുരുതര പരിക്കേറ്റ മെബിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലും, ആസാദിനെ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. രാമപുരം മൈക്കിൾ പ്ലാസാ കൺവൻഷൻ സെന്ററിന് സമീപം ഫ്രണ്ട്‌സ് ഹോട്ടൽ നടത്തുകയാണ് മെബിന്റെ പിതാവ് അപ്പു. ബുധനാഴ്ച രാത്രി 9 ഓടെ ഇതിന് മുന്നിൽ നിൽക്കുമ്പോഴാണ് നായ ഓടിയെത്തി കടിച്ചത്. പഴയ മാർക്കറ്റിനടുത്ത് താമസിക്കുന്ന റൂമിന്റെ മുൻപിൽ വച്ചാണ് രാത്രി 10 ന് ആസാദിന് കടിയേറ്റത്. വൈകിട്ട് 6 ഓടെയാണ് പ്ലസ്ടു വിദ്യാർത്ഥിനിയ്ക്കടക്കം കടിയേറ്റത്.

കണ്ടില്ലെന്ന് നടിച്ച് പഞ്ചായത്ത്

തെരുവ് നായ ശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

വളർത്തു നായ്ക്കൾക്ക് പ്രായമാകുമ്പോഴും, താമസം മാറി മറ്റ് സ്ഥലങ്ങളിലേയ്ക്ക് വീട്ടുകാർ പോകുമ്പോഴും ടൗണിൽ കൊണ്ടുവന്ന് തള്ളുന്നത് പതിവാണ്. ഇതാണ് തെരുവ് നായ്ക്കൾ പെരുകാൻ കാരണം. കാറും മറ്റും വരുമ്പോൾ ചില നായ്ക്കൾ തങ്ങളുടെ ഉടമസ്ഥരാണെന്ന് കരുതി കുരച്ചുകൊണ്ട് പുറകെ ഓടുന്നതും പതിവാണ്. പഞ്ചായത്ത് തലത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചൻ പറഞ്ഞു.