പച്ചപ്പണിയാൻ പിരപ്പമൺകാട് പാടശേഖരം

Friday 06 June 2025 1:47 AM IST

ആറ്റിങ്ങൽ: പിരപ്പമൺകാട് പാടശേഖരത്തിൽ പുതിയ കൃഷി മാതൃകകൾ ഒരുങ്ങുന്നു. പാടശേഖരസമിതി യന്ത്രവത്കൃത ഞാറുനടീലിന്റെ സാദ്ധ്യതകളിലേക്ക് കടക്കുകയാണ്. പരീക്ഷണാർത്ഥം ഇത്തവണ 10 ഏക്കർ പ്രദേശത്ത് യന്ത്രമുപയോഗിച്ച് ഞാറ് നടും. പ്രത്യേകം തയ്യാറാക്കിയ പൊതു ഞാറ്റടിയിൽ ഷീറ്റ് വിരിച്ച് അതിന് മുകളിൽ മണ്ണ് നിരത്തി അതിൽ വിത്ത് വിതച്ചാണ് യന്ത്രത്തിൽ വയ്ക്കുന്നതിനാവശ്യമായ ഞാറ് തയ്യാറാക്കിയിരിക്കുന്നത്. കൃഷിഭവനിൽ നിന്നും ലഭിച്ച 400 കിലോ വിത്താണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. നടീൽ യന്ത്രം ഉപയോഗിച്ചുള്ള ഞാറ് നടലിന്റെ ഉദ്ഘാടനം മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി നിർവഹിച്ചു. വരുംവർഷങ്ങളിൽ വീണ്ടെടുത്ത പാടശേഖരപ്രദേശത്ത് മുഴുവനും യന്ത്രത്തിന്റെ സാദ്ധ്യത പ്രയോജനപ്പെടുത്തുന്നതിന്റെ മുന്നോടിയായാണ് ഇത്തവണ തിരഞ്ഞെടുത്ത പ്രദേശത്ത് മാത്രം മെഷീൻ നടീൽ നടപ്പാക്കിയത്.

ഹരിതവീഥി പദ്ധതി

പ്രദേശത്തിന്റെ ടൂറിസം സാദ്ധ്യതകൾക്ക് കൈത്താങ്ങായി പാടശേഖര നടുവിലൂടെയുള്ള റോഡിന്റെ സൗന്ദര്യവത്കരണത്തിനായി അലങ്കാര മുളകൾ വച്ചുപിടിപ്പിക്കുന്ന പഞ്ചായത്തിന്റെ ഹരിതവീഥി പദ്ധതി വി.ശശി എം.എൽ.എ തൈ നട്ട് ഉദ്ഘാടനം ചെയ്തു. പ്രദേശത്തിന്റെ സ്വാഭാവിക ഭംഗിക്ക് കോട്ടം ഉണ്ടാക്കാത്തതും റോഡിന്റെ പാർശ്വഭിത്തികൾക്ക് കേടുവരുത്താത്തതും നെൽക്കൃഷിക്ക് തടസമുണ്ടാക്കാത്തതുമായ പ്രത്യേകയിനം മുളത്തൈകൾ പാലോട് ബൊട്ടാണിക്കൽ ഗാർഡനിൽ നിന്നുമെത്തിച്ചാണ് ഇവിടെ വച്ചുപിടിപ്പിക്കുന്നത്. ബംഗാൾ മുള, ലാത്തി മുള എന്നീ ഇനങ്ങളാണ് ഇവിടെ നട്ടുപിടിപ്പിക്കുന്നത്.

പരിസ്ഥിതി ദിനാചരണം

ലോകപരിസ്ഥിതി ദിനത്തിന്റെ പഞ്ചായത്തുതല ഉദ്ഘാടനം വി.ശശി എം.എൽ.എ നിർവഹിച്ചു. സർവീസിൽ നിന്ന് വിരമിച്ച വില്ലേജ് ഓഫീസർ ഷാജഹാന് പാടശേഖര സമിതി ഉപഹാരം നൽകി ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പൂവണത്തുംമൂട് മണികണ്ഠൻ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപാറാണി,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ആർ.പി നന്ദുരാജ്,വാർഡ് മെമ്പർ വി.ഷൈനി,പഞ്ചായത്ത് സെക്രട്ടറി എസ്.എസ്.ചന്ദ്രബാബു തുടങ്ങിയവർ പങ്കെടുത്തു.