പ്രചോദനമായത് സൂപ്പര്‍ഹിറ്റ് പ്രണയ ചിത്രം; രണ്ടാം വിവാഹം ആദ്യ ഭാര്യയെ കാമുകിയുമായി ചേര്‍ന്ന് തീര്‍ത്ത കേസില്‍ ജാമ്യത്തിലിറങ്ങി

Thursday 05 June 2025 8:57 PM IST

തൃശൂര്‍: പടിയൂരില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന യുവാവ് കൊടുംക്രിമിനല്‍. തൃശൂര്‍ പടിയൂരില്‍ രേഖ (43), അമ്മ മണി (74) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്റെ സമീപത്തുനിന്ന് രേഖയ്ക്കെതിരേ മോശം പരാമര്‍ശങ്ങളടങ്ങിയ ഒരു കത്തും ചില ചിത്രങ്ങളും ലഭിച്ചിരുന്നു. രേഖയുടെ ഭര്‍ത്താവായ പ്രേംകുമാറിനെ കാണാതായതോടെ ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

പ്രേംകുമാര്‍ (46) ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയാണ് ഇയാള്‍ തൃശൂര്‍ സ്വദേശിയായ രേഖയെ വിവാഹം ചെയ്തത്. പ്രതിയുടെ വിവാഹങ്ങളും അവിഹിത ബന്ധവും മറ്റും സൂപ്പര്‍ഹിറ്റ് തമിഴ് പ്രണയ ചിത്രം '96' മോഡലിലാണ്. ചേര്‍ത്തല സ്വദേശിയായ വിദ്യയെ ആണ് പ്രേംകുമാര്‍ ആദ്യം വിവാഹം കഴിച്ചത്. എന്നാല്‍ ഇത് വിദ്യയുടെ രണ്ടാം വിവാഹമായിരുന്നു. പ്രേമിനെ വിവാഹം ചെയ്തതോടെ യുവതി ചേര്‍ത്തലയിലെ ബന്ധുക്കളില്‍ നിന്ന് അകന്നു.

പ്രേംകുമാറും ഭാര്യ വിദ്യയും ഇവരുടെ മകനും പിന്നീട് എറണാകുളം ഉദയംപേരൂരിലാണ് താമസിച്ചിരുന്നത്. ഇതിനിടെയാണ് തിരുവനന്തപുരം സ്വദേശിയായ സുനിത ബേബി എന്ന യുവതിയുമായി പ്രേംകുമാര്‍ പ്രണയത്തിലായത്. സുനിത ഇയാളുടെ കോളേജിലെ സഹപാഠിയായിരുന്നു. ഒരു റീയൂണിയന്‍ പരിപാടിയില്‍ വച്ച് വീണ്ടും കണ്ടുമുട്ടുകയും തുടര്‍ന്ന് ആ ബന്ധം വളരുകയുമായിരുന്നു. പ്രണയം ശക്തമായതോടെ ഒരുമിച്ചുജീവിക്കാനും അതിനായി വിദ്യയെ ഒഴിവാക്കാനും ഇരുവരും തീരുമാനിച്ചു.

വിദ്യയെ കൊലപ്പെടുത്തുന്നതിന് മുന്നോടിയായി കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് താമസം മാറുകയായിരുന്നു. തിരുവനന്തപുരത്തെ ഒരു ആശുപത്രിയിലെ നഴ്‌സിംഗ് സൂപ്രണ്ടായിരുന്നു സുനിത. പിന്നീട് ഭര്‍ത്താവിനേയും കുട്ടികളേയും ഉപേക്ഷിച്ച് സുനിത പ്രേംകുമാറിനൊപ്പം തിരുവനന്തപുരം പേയാടുള്ള ഒരു വില്ലയിലേക്ക് താമസം മാറിയിരുന്നു. ഈ ബന്ധത്തെച്ചൊല്ലി രണ്ട് വീട്ടിലും പ്രശ്‌നങ്ങളും പതിവായി.

തിരുവനന്തപുരത്ത് വിദ്യയെ ഒരു അപകടത്തില്‍ പരിക്കേറ്റതിന്റെ ചികിത്സയ്ക്കായി എത്തിച്ച ശേഷം മദ്യം നല്‍കി ബോധരഹിതയാക്കി കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം പ്രേംകുമാറും സുനിതയും വിദ്യയുടെ മൃതദേഹവുമായി കാറില്‍ തിരുനെല്‍വേലി ഭാഗത്തേക്കാണ് പോയത്. യാത്രയ്ക്കിടെ സംശയം തോന്നാതിരിക്കാന്‍ കാറിന്റെ പിന്‍സീറ്റില്‍ ഒരാള്‍ ഇരിക്കുന്നത് പോലെയാണ് മൃതദേഹംവെച്ചിരുന്നത്. മൃതദേഹം മറിയാതിരിക്കാനും സംശയം തോന്നാതിരിക്കാനും സുനിത മൃതദേഹത്തിന്റെ തോളില്‍കൈയിട്ടാണ് തിരുനെല്‍വേലി വരെ യാത്രചെയ്തത്.