ദേശവിരുദ്ധത പരിശോധിക്കാൻ പ്രത്യേക നിരീക്ഷണ സമിതി : എസ്.എഫ്.ഐ സമരത്തിന് പിന്നാലെ ഉത്തരവ് പിൻവലിച്ച് കണ്ണൂർ യൂണി.

Thursday 05 June 2025 9:26 PM IST

കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിൽ നടക്കുന്ന വിവിധ പരിപാടികളിൽ ദേശവിരുദ്ധമായി ഒന്നുമില്ലെന്ന് ഉറപ്പുവരുത്താൻ പ്രത്യേക നിരീക്ഷണ സമിതിയെ രൂപീകരിച്ച തീരുമാനം എസ്.എഫ്.ഐ സമരത്തിന് പിന്നാലെ പിൻവലിച്ചു . ഇന്നലെ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ സർവ്വകലാശാലയിലേക്ക് മാർച്ചും കുത്തിയിരുപ്പുമുണ്ടായി.തൊട്ടു പിന്നാലെ

സംഭവം വിവാദമായതോടെ സിൻഡിക്കേറ്റ് ചേർന്ന് ഉത്തരവ് പിൻവലിക്കുകയായിരുന്നു.

വൈസ് ചാൻസലർ ഡോ.കെ.കെ.സാജുവിന്റെ നിർദേശപ്രകാരം രജിസ്ട്രാറാണ് ഏഴംഗ സമിതിയെ രൂപീകരിച്ച് ഉത്തരവിറക്കിയത്. നാലിനാണ് ഉത്തരവ് ഇറങ്ങിയത്. ഇതിന് പിന്നാലെ ഈ ഉത്തരവ് സർവ്വകലാശാലയിലെ പരിപാടികൾക്ക് മൂക്കുകയറിടുന്നുവെന്ന ആരോപണം ഉയരുകയായിരുന്നു.കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്ന ചിലർ അടുത്തിടെ സർവ്വകലാശാലയിലെ ചില പരിപാടികളിൽ പങ്കെടുത്തിരുന്നു. സംഘ്പരിവാർ സംഘടനകൾ ഇതിനെതിരെ പരാതി ഉന്നയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രത്യേക നിരീക്ഷണസമിതി രൂപീകരിക്കാനുള്ള ഉത്തരവിറങ്ങിയത്. ഉത്തരവിൽ കടുത്ത പ്രതിഷേധം ഉയർന്നതിന് പിന്നാലെ ഉത്തരവ് പിൻവലിക്കാനും ഉള്ളടക്കം പരിശോധിക്കാനും സിൻഡിക്കേറ്റ് യോഗം തീരുമാനിക്കുകയായിരുന്നു.

സമിതിയിൽ ഇവർ

സർവ്വകലാശാല രജിസ്ട്രാർ, ഡെവലപ്‌മെന്റ് ഓഫീസർ പ്രൊഫ. വി.എ. വിൽസൺ, നീലേശ്വരം കാമ്പസിലെ മലയാളം പഠനവകുപ്പ് മേധാവി ഡോ.വി.റീജ, നീലേശ്വരം കാമ്പസിലെ ഹിന്ദി പഠനവകുപ്പ് മേധാവി ഡോ.കെ.പ്രീതി, മാങ്ങാട്ടുപറമ്പ് കാമ്പസിലെ ബിഹേവിയറൽ സയൻസ് മേധാവി ഡോ.ജോൺസൺ അലക്‌സ്, പയ്യന്നൂർ കാമ്പസിലെ ഫിസിക്‌സ് പഠനവകുപ്പ് മേധാവി ഡോ. എൻ.കെ.ദീപക്, പാലയാട് കാമ്പസിലെ ഇംഗ്ലീഷ് പഠനവകുപ്പ് മേധാവി ഡോ.കെ.കെ.കുഞ്ഞമ്മദ് എന്നിവരായിരുന്നു സമിതിയംഗങ്ങൾ.