പൃഥ്വിരാജിന്റെ നോബഡിയിൽ നബനിത ചൗധരി
പൃഥ്വിരാജിനെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന നോബഡി എന്ന ചിത്രത്തിൽ ആസാമീസ് താരം നബനിത ചൗധരി. ആയോധന കലകളിൽ ഏറെ പ്രശസ്തയായ നബനിത ചൗധരി നോബഡിയിൽ പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലും പ്രാവീണ്യം നേടിയ നബനിതയുടെ മലയാള അരങ്ങേറ്റമാണ് നോബഡി.അതേ സമയം
കൊച്ചിയിൽ നോബഡിയുടെ സെക്കൻഡ് ഷെഡ്യൂൾ പുരോഗമിക്കുകയാണ്. പാർവതി തിരുവോത്താണ് നായിക. ഹക്കിം ഷാ, അശോകൻ, മധുപാൽ, ലുക്‌മാൻ, ഗണപതി, വിനയ് ഫോർട്ട് എന്നിവരാണ് മറ്റു താരങ്ങൾ. സമിർ അബ്ദുൾ തിരക്കഥ ഒരുക്കുന്നു. ഇ ഫോർ എന്റർടെയ്ൻമെന്റ്സും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം ദിനേശ് പുരുഷോത്തമൻ. അനിമൽ ഫെയിം ഹർഷവർദ്ധൻ ആണ് സംഗീതം.സന്തോഷ് ട്രോഫി ആണ് മലയാളത്തിൽ പൃഥ്വിരാജിന്റെ അടുത്ത പ്രോജക്ട്. വിപിൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം ആണ് സന്തോഷ് ട്രോഫി. ഗുരുവായൂരമ്പലനടയുടെ മികച്ച വിജയത്തിനുശേഷം ഇരുവരും വീണ്ടും ഒരുമിക്കുകയാണ്. എസ്.എസ്. രൗജമൗലി സംവിധാനം ചെയ്യുന്ന മഹേഷ് ബാബു ചിത്രത്തിൽ പ്രതിനായകനായി പൃഥ്വിരാജ് എത്തുന്നു. ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ഹൈദരാബാദിൽ ഉടൻ ആരംഭിക്കും.