സാമൂഹിക പ്രസക്തമായ ഉത്തരവുകൾ

Friday 06 June 2025 3:59 AM IST

ഴിഞ്ഞ വാരം ഏറ്റവും വാർത്ത സൃഷ്ടിച്ച ഹൈക്കോടതി ഉത്തരവുണ്ടായത് ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ദമ്പതികളായ കോഴിക്കോട് സ്വദേശികൾ സഹദിന്റേയും സിയ പാവലിന്റേയും ഹർജികളിലായിരുന്നു. ഇവരുടെ കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിൽ മാതാവിന്റേയും പിതാവിന്റേയും പേരുകൾ പ്രത്യേകം രേഖപ്പെടുത്തിയതിന് പകരം 'മാതാപിതാക്കൾ(പേരന്റ്സ്)' എന്നാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. ഇത് അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടു. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെയും മാതാവിന്റെയും പേരിന് ശേഷം 'ട്രാൻസ്ജെൻഡർ' എന്ന് രേഖപ്പെടുത്തിയതും ഒഴിവാക്കി നൽകാൻ കോടതി നിർദ്ദേശിച്ചു. രണ്ട് മാസത്തിനുള്ളിൽ പുതിക്കിയ സർട്ടിഫിക്കറ്റ് നൽകാൻ കോഴിക്കോട് കോർപ്പറേഷന് നിർദ്ദേശം നൽകുകയും ചെയതു. കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിൽ കോഴിക്കോട് കോർപ്പറേഷൻ അച്ഛന്റെ പേര് സിയ പാവൽ (ട്രാൻസ്‌ജെൻഡർ) എന്നും അമ്മയുടെ പേര് സഹദ് (ട്രാൻസ്‌ജെൻഡർ) എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. ഇത്തരത്തിൽ വേർതിരിച്ച് എഴുതുന്നതിലെ സാങ്കേതികപ്രശ്നങ്ങളാണ് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നത്.

കുട്ടിയുടെ ബയോളജിക്കൽ അമ്മ വർഷങ്ങൾക്ക് മുമ്പേ പുരുഷനാണെന്ന് പ്രഖാപിച്ചതാണെന്ന് ഹർജിയിൽ വ്യക്തമാക്കിയിരുന്നു. സഹദ് പുരുഷനായിട്ടാണ് ഇപ്പോൾ ജീവിക്കുന്നത്. പുരുഷൻ കുട്ടിയ്ക്ക് ജന്മം നൽകി എന്നത് ഒഴിവാക്കാനാണ് ജനന സർട്ടിഫിക്കറ്റിൽ പേരന്റ്സ് എന്ന് രേഖപ്പെടുത്താൻ ആവശ്യപ്പെടുന്നത്. മാതാവിന്റേയും പിതാവിന്റേയും പേര് പ്രത്യേകം രേഖപ്പെടുത്തുന്നത് കുട്ടിയുടെ സ്‌കൂൾ പ്രവേശന സമയത്തും, ആധാർ കാർഡ്, പാൻ കാർഡ്, പാസ്‌പോർട്ട് അപേക്ഷകളിലും സാങ്കേതിക പ്രശ്‌നങ്ങളുണ്ടാക്കും. ഇത് ഒഴിവാക്കാനാണ് 'മാതാപിതാക്കൾ' എന്ന് രേഖപ്പെടുത്തണമെന്ന ആവശ്യം ഉന്നയിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

2023 ഫെബ്രുവരിയിലാണ് ഹർജിക്കാർക്ക് കുട്ടിയുണ്ടാകുന്നത്. ജനന സർട്ടിഫിക്കറ്റിൽ തിരുത്തൽ ആവശ്യപ്പെട്ട് കോർപ്പറേഷനിൽ അപേക്ഷ നൽകിയെങ്കിലും അംഗീകരിച്ചില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. അപ്പലേറ്റ് അതോറിറ്റിയും ആവശ്യം നിരസിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാർക്കായി ഹാജരായത് ട്രാൻസ് ജെൻഡർ അഭിഭാഷകയായ പദ്മ ലക്ഷ്മിയാണ്.

ഭാര്യയെ ഭർതൃ വീട്ടിൽ

നിന്ന് ഇറക്കിവിടാനാവില്ല

ഭർത്താവ് മരിച്ചതിന്റെ പേരിൽ ഭാര്യയെ ഭർതൃവീട്ടിൽ നിന്ന് ഇറക്കിവിടാനാകില്ലെന്ന ഉത്തരവും കഴിഞ്ഞദിവസം ഹൈക്കോടതിയിൽ നിന്നുണ്ടായി. ഭർത്താവ് മരിച്ച യുവതിയെ ഭർത്താവിന്റെ വീട്ടിൽ താമസിക്കാൻ അനുവദിച്ച പാലക്കാട് സെഷൻസ് കോടതി ഉത്തരവ് ശരിവെച്ചായിരുന്നു വിധി. പാലക്കാട് കൊട്ടേക്കാട് സ്വദേശിയായ മീനയ്ക്കാണ് നീതി ലഭിച്ചത്. യുവതിയുടെ ഭർത്താവ് 2009ലാണ് മരിച്ചത്. യുവതിയും കുട്ടിയും അതിനുശേഷവും ഭർതൃവീട്ടിലാണ് താമസിച്ചത്. എന്നാൽ ഭർത്താവിന്റെ അമ്മയും സഹോദരങ്ങളും നിരന്തരം ശല്യം ചെയ്യാൻ തുടങ്ങിയതോടെ സംരക്ഷണം തേടി പാലക്കാട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. ഇതിനെതിരെ നൽകിയ അപ്പീലിൽ സെഷൻസ് കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു. തുടർന്ന് ഭർത്താവിന്റെ അമ്മയും സഹോദരങ്ങളും നൽകിയ ഹർജി തള്ളിയാണ് സിംഗിൾബെഞ്ച് മനുഷ്യത്വപരമായ ഉത്തരവിട്ടത്.

ഭർത്താവ് മരിച്ച ശേഷം യുവതി സ്വന്തം വീട്ടിലാണ് താമസിക്കുന്നതെന്നും അതിനാൽ ഗാർഹിക പീഡന നിരോധന നിയമപ്രകാരമുള്ള സംരക്ഷണത്തിന് അവകാശമില്ലെന്നുമായിരുന്നു ഹർജിയിലെ വാദം. എന്നാൽ ഭർത്താവും കുട്ടിയുമൊപ്പം ജീവിച്ച വീട്ടിൽ ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. സ്ത്രീകൾക്ക് ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് നിയമം പാസാക്കിയത്. വീടിന്റെ ഉടമസ്ഥത ആരുടെ പേരിലെന്നത് കണക്കിലെടുക്കാതെ തന്നെ ഭർതൃവീട്ടിൽ താമസിക്കാൻ നിയമം അനുവദിക്കുന്നുണ്ട്. ഭർത്താവിന്റെ വീട്ടിൽ നിന്ന് ഭാര്യയെ പുറത്താക്കുന്ന സാഹചര്യം ഒഴിവാക്കാനായാണ് ഇത്തരമൊരു വ്യവസ്ഥ. സുരക്ഷിതമായ താമസസൗകര്യം സ്ത്രീയുടെ അന്തസ്സ് സംരക്ഷിക്കാനുള്ള അവകാശമാണ്. സ്ത്രീ ശാക്തീകരണത്തിനും സുരക്ഷയ്ക്കും ഇത് അനിവാര്യമാണ്. യുവതിയ്ക്ക് സ്വന്തമായി വീടുണ്ടെന്നും മാതാപിതാക്കളുടെ വീട്ടിലാണിപ്പോൾ താമസിക്കുന്നതെന്നമുള്ള വാദവും കോടതി അംഗീകരിച്ചില്ല. എന്നാൽ യുവതിയെ പുറത്താക്കാൻ ശ്രമിച്ചതിനും ഗാർഹിക പീഡനം നടന്നതിനും തെളിവുണ്ടെന്ന് കോടതി പറഞ്ഞു.

'ഫെലോഷിപ്പ് മുടക്കിയാൽ

വി.സിക്കും ശമ്പളമില്ല'

ഗവേഷകന്റെ ഫെലോഷിപ്പ് തുക നൽയില്ലെങ്കിൽ കാലടി ശ്രീശങ്കര സർവകലാശാല വി.സിക്കും രജിസ്ട്രാർക്കും ശമ്പളം നൽകരുതെന്ന ഉത്തരവും ഹൈക്കോടതിയിൽ നിന്നുണ്ടായി. കാലടി സർവകലാശാലയിലെ ഗവേഷകനായ ഇ. ആദർശ് നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്. സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിലാണ് ഗവേഷണ ഫെലോഷിപ്പ് നൽകാത്തതെന്നായിരുന്നു സർവകലാശാലയുടെ വിശദീകരണം. എന്നാൽ ചാൻസലർ അടക്കമുള്ളവർക്ക് ശമ്പളം ലഭിക്കുന്നില്ലേയെന്നായി കോടതിയുടെ ചോദ്യം. അതെല്ലാം കൃത്യമായി കിട്ടുന്നുണ്ടെന്നായിരുന്നു സർകലാശാലയുടെ വിശദീകരണം. സാമ്പത്തിക സഹായമായി സർവകലാശാലക്ക് സർക്കാർ 2.62 കോടി രൂപ അടുത്തിടെ അനുവദിച്ചതും കോടതി ചൂണ്ടിക്കാട്ടി. കുടിശികയായ ഫെലോഷിപ്പ് തുക ഒരു മാസത്തിനകം നൽകാനും തുടർന്നുള്ള തുക മുടക്കം വരുത്താതെ നൽകാനും നിർദ്ദേശിച്ച കോടതി, ഇക്കാര്യത്തിൽ വീഴ്ചയുണ്ടായാൽ വി.സിയ്ക്കും രജിസ്ട്രാർക്കും ശമ്പളം നൽകരുതെന്നും നിർദ്ദേശിക്കുകയായിരുന്നു.

കേസുകളുടെ ബാഹുല്യം കൊണ്ട് വീർപ്പുമുട്ടുകയാണ് ഹൈക്കോടതി. അതിനാൽ അനാവശ്യ വ്യവഹാരങ്ങൾക്ക് വഴിവയ്ക്കുന്ന നിലപാടുകൾ വിവേകപൂർവം ഒഴിവാക്കുകയാണ് സമൂഹവും ഭരണസംവിധാനവും ചെയ്യേണ്ടത്. വീട്ടുകാര്യങ്ങളിലാണെങ്കിൽപ്പോലും നിയമപരമായി പ്രവർത്തിക്കാൻ വ്യക്തികൾ ശ്രദ്ധിക്കമെന്ന സന്ദേശമാണ് പാലക്കാട്ടെ ഗാർഹിക പീഡന കേസിന്റെ ഉത്തരവിലടക്കം പ്രതിഫലിക്കുന്നത്.