വേമ്പനാട് കായലിൽ മത്സ്യസമ്പത്ത് കൂട്ടും

Friday 06 June 2025 1:37 AM IST

ആലപ്പുഴ: വേമ്പനാട് കായലിൽ കുറഞ്ഞുവരുന്ന മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ പദ്ധതി ആവിഷ്കരിച്ച് ജില്ലാ ഭരണകൂടവും മത്സ്യമേഖലയിലെ ശാസ്ത്ര‌ജ്ഞരും. കായലിലെ 40 ശതമാനം മത്സ്യ ഇനങ്ങളും അപ്രത്യക്ഷമായതായി കുഫോസും കണ്ടെത്തിയിരുന്നു.

1980ൽ 150 മത്സ്യഇനങ്ങൾ ഉണ്ടായിരുന്ന കായലിൽ ഇപ്പോൾ 90 ഇനങ്ങളേ ഉള്ളുവെന്നായിരുന്നു കുഫോസിന്റെ കണ്ടെത്തൽ. കായലിലെ മത്സ്യസമ്പത്ത് വീണ്ടെടുക്കുന്നതിനായി വിവിധ പദ്ധതികളാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്. കായലിലെ മത്സ്യസമ്പത്ത് 1970ൽ 23,000 ടൺ ആയിരുന്നത് ഇപ്പോൾ 4300 ടൺ ആയി കുറഞ്ഞു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പ്രതിവ‌ർഷം 2000 ടൺ മത്സ്യത്തിന്റെ വ‌ദ്ധനയാണ് ലക്ഷ്യമിടുന്നത്. ഫിഷ് റേഞ്ചിംഗ്, കൂട് മത്സ്യകൃഷി, മത്സ്യസങ്കേതം പദ്ധതി, ഒരുനെല്ലും ഒരുമീനും പദ്ധതി പരിഷ്കരിച്ച് വ്യാപകമാക്കൽ എന്നിവയാണ് ലക്ഷ്യം.

നടപ്പാക്കുക 4 പദ്ധതികൾ

1.ഫിഷ് റേഞ്ചിംഗ്

വംശനാശ ഭീഷണി നേരിടുന്ന മത്സ്യങ്ങളെ കൃത്രിമ പ്രജനനം നടത്തി കായലിൽ നിക്ഷേപിച്ച് വളർ‌ത്തിയെടുക്കും. ഇതിലൂടെ അവയുടെ അളവ് വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. പ്രാദേശിക മത്സ്യങ്ങളായ കരിമീൻ, മഞ്ഞക്കൂരി, തൂളി, ആറ്റുകൊഞ്ച് എന്നിവയാണ് കൃത്രിമ പ്രജനനത്തിലൂടെ വർദ്ധിപ്പിക്കുന്നത്.

2.കൂട് മത്സ്യകൃഷി

സ്ത്രീകൾ ഉൾപ്പടെയുള്ളവ‌ർക്ക് സ്ഥിരവരുമാനമൊരുക്കുകയും അതിലൂടെ മത്സ്യകൃഷി വ്യാപിപ്പിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി നൂതന സംവിധാനങ്ങൾ ഒരുക്കും. കരിമീനായിരിക്കും കൂടുമത്സ്യകൃഷിക്കായി ഉപയോഗിക്കുക.

3.മത്സ്യസങ്കേതം പദ്ധതി

ഒരുപ്രദേശത്ത് മീനുകളെ വളർത്തി അവയെ സംരക്ഷിക്കുകയാണ് ലക്ഷ്യം. മത്സ്യബന്ധനം നിയന്ത്രിച്ച് അവയുടെ ആവാസ വ്യവസ്ഥയെ സംരക്ഷിക്കും.

4.ഒരുമീനും ഒരുനെല്ലും

കുട്ടനാടൻ മേഖലകളിൽ ഒരുനെല്ലും ഒരുമീനും പദ്ധതി നടക്കുന്നുണ്ടെങ്കിലും 20 ശതമാനം മാത്രമേയുള്ളു. നെല്ലും മീനും കൂടാതെ ഇതിനൊപ്പം മറ്റ് കൃഷികളും നടപ്പിലാക്കുകയാണ് ലക്ഷ്യം. നെല്ല്, മീൻ, താറാവ്, കാലി വളർത്തൽ, പച്ചക്കറി കൃഷി എന്നിവ സംയുക്തമായി നടത്തും. ഇതിലൂടെ പ്രദേശത്തെ തൊഴിലാളികൾക്കും വരുമാനം ലഭിക്കും.

മൂന്ന് വർഷത്തിനുള്ളിൽ പ്രതീക്ഷിക്കുന്ന വർദ്ധന

2000 ടൺ

വേമ്പനാട് കായലിൽ കുറഞ്ഞുവരുന്ന മത്സ്യകൃഷി വ‌ർദ്ധിപ്പിക്കുന്നതിനുള്ള പ്രവ‌‌ർത്തനങ്ങൾ നടക്കുകയാണ്. ജീല്ലാഭകണകൂടം, മറ്റ് വകുപ്പുകൾ എന്നിവരുമായി സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഡോ. പദ്മകുമാർ, ഡയറക്ടർ

കായൽ ഗവേഷണ കേന്ദ്രം