കുട്ടനാട്ടുകാർക്ക് മേയിലെ റേഷൻ നഷ്ടം

Friday 06 June 2025 12:52 AM IST

ആലപ്പുഴ: വെള്ളപ്പൊക്കം മൂലം വീടുകളിൽ നിന്ന് മാറിയ കുട്ടനാട്ടുകാർക്ക് മേയ് മാസത്തിലെ റേഷൻ വിഹിതം നഷ്ടമായി. ദൂരെ ബന്ധുവീടുകളിൽ പോയവരും വെള്ളപ്പൊക്കം മൂലം പുറത്തിറങ്ങാൻ സാധിക്കാതിരുന്നവരുമാണ് പ്രതിസന്ധിയിലായത്.

റേഷൻ കരാറുകാരുടെ സമരം മൂലം പല കടകളിലും മേയ് അവസാനത്തോടെയാണ് സ്റ്റോക്ക് എത്തിയത്. വാതിൽപ്പടി വിതരണം ആരംഭിച്ചപ്പോൾ കുട്ടനാടൻ മേഖലകളിൽ വെള്ളം കയറി. ഇതോടെ പല കടകളിലും സ്റ്രോക്ക് എത്തിയില്ല. വെള്ളം ഇറങ്ങിയതോടെ ഇന്നലെമുതൽ വാതിൽപ്പടി സേവം ആരംഭിച്ചെങ്കിലും റേഷൻ വാങ്ങാനുള്ള സമയം ഇന്നലെ വരെയായിരുന്നു. സംസ്ഥാനത്ത് നാലുവരെയായിരുന്നു വിതരണം ചെയ്യുന്നതിന് സമയം അനുവദിച്ചിരുന്നത്. കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കിലെ വെള്ളക്കെട്ട് ഭീഷണി മൂലം ഇന്നലെ ഒരുദിവസം കൂടി നീട്ടി. എന്നാൽ കുട്ടനാടൻ മേഖലകളിൽ വെള്ളക്കെട്ടുള്ളതിനാൽ പലർക്കും എത്താനായില്ല. വെള്ളപ്പൊക്കം മൂലം തൊഴിൽ നഷ്ടമായവർക്ക് റേഷൻ മുടങ്ങിയത് വലിയ പ്രതിസന്ധിയായി.

വെള്ളപ്പൊക്കം ചതിച്ചു

കാലവർഷക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന കുട്ടനാട് താലൂക്കിലെ കാർഡ് ഉടമകൾക്ക് മേയ് മാസത്തെ റേഷൻ വിഹിതം വാങ്ങുന്നതിന് സൗകര്യം ഒരുക്കണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ആവശ്യപെട്ടു. വെള്ളപ്പൊക്കം മൂലം ഭക്ഷ്യ ധാന്യം വാങ്ങാൻ കാർഡ് ഉടമകൾക്ക് സാധിക്കാത്തതിനാൽ ജൂൺ മാസത്തെ റേഷനൊപ്പം മേയ് മാസത്തെ റേഷനും വിതരണം ചെ

യ്യണമെന്നാണ് ആവശ്യം.

കുട്ടനാട് താലൂക്കിലെ റേഷൻ കടകൾ- 114

റേഷൻ കാർഡുകൾ- 53397

ഗുണഭോക്താക്കൾ- 207188

വെള്ളപ്പൊക്കം മൂലം കുട്ടനാടൻ മേഖലയിൽ മേയ് മാസത്തെ റേഷൻ വാങ്ങാത്തവരുണ്ട്. ഈ സാഹചര്യത്തിൽ മേയ് മാസത്തിലെ റേഷൻ വീതരണം നീട്ടണം.

എൻ. ഷിജീർ

സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി

കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ