ആര്‍സിബി പ്രതിനിധിയെ അറസ്റ്റ് ചെയ്യും, ബംഗളൂരു അപകടത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Thursday 05 June 2025 10:58 PM IST

ബംഗളൂരു: ഐപിഎല്‍ കിരീട നേട്ടത്തിന് പിന്നാലെ ബംഗളൂരുവിലെ വിജയാഘോഷത്തിനിടെ 11 പേര്‍ മരിച്ച സംഭവത്തില്‍ കടുത്ത നടപടി. തിക്കിലും തിരക്കിലും പെട്ട് മരണങ്ങള്‍ സംഭവിച്ചതിനെത്തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്തു. അഡിഷണല്‍ കമ്മിഷണര്‍, ഡെപ്യൂട്ടി കമ്മിഷണര്‍, അസിസ്റ്റന്റ് കമ്മിഷണര്‍ എന്നിവരെയും സസ്‌പെന്‍ഡ് ചെയ്തു.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ക്ലബ് പ്രതിനിധിയെ അറസ്റ്റ് ചെയ്യുമെന്നാണ് ഏറ്റവും പുതിയ വിവരം. കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍, ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പായ ഡിഎന്‍എ എന്നിവരുടെ പ്രതിനിധികളേയും അറസ്റ്റ് ചെയ്യും. നേരത്തെ മൂന്ന് പേരെയും കക്ഷികളാക്കി ബംഗളൂരുവിലെ കബണ്‍ പാര്‍ക്ക് പൊലീസ് കേസെടുത്തിരുന്നു. കുറ്റകരമായ നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

അപകടത്തില്‍ സംഘാടകര്‍ക്ക് വീഴ്ചയുണ്ടായതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. മജിസ്‌ട്രേറ്റ് തല അന്വേഷണത്തിനു പുറമേ പ്രത്യേക പൊലീസ് സംഘത്തെ അന്വേഷണത്തിനു നിയോഗിക്കും. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ജില്ലാ മജിസ്‌ട്രേറ്റ് ജി. ജഗദീഷ, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും ബംഗളൂരു മെട്രോയ്ക്കും ആര്‍സിബി ഫ്രാഞ്ചൈസിക്കും നോട്ടിസ് അയയ്ക്കുമെന്ന് വ്യക്തമാക്കി.

ഫൈനലില്‍ ആര്‍സിബിയുടെ വിജയത്തിന് പിന്നാലെ ബംഗളൂരു നഗരത്തില്‍ ആരാധകര്‍ തെരുവിലിറങ്ങിയിരുന്നു. ഈ തിരക്ക് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടിയെന്നും അതുകൊണ്ട് തന്നെ വിജയാഘോഷം വരുന്ന ഞായറാഴ്ചയിലേക്ക് മാറ്റണമെന്നും പൊലീസ് ആവശ്യപ്പെട്ടുവെങ്കിലും മാനേജ്മെന്റ് അംഗീകരിച്ചില്ല. തിരക്ക് കൂടാന്‍ സാദ്ധ്യതയുണ്ടെന്നും ഞായറാഴ്ചയാകുമ്പോള്‍ ആരാധകരുടെ ആവേശം കുറയുമെന്നും തിരക്ക് നിയന്ത്രിക്കാന്‍ കഴിയുമെന്നും പൊലീസ് ആര്‍സിബി മാനേജ്മെന്റിനോട് പറഞ്ഞിരുന്നു.

ഫൈനല്‍ നടന്ന ചൊവ്വാഴ്ച ദിവസം പുലര്‍ച്ചെ തെരുവില്‍ ഇറങ്ങിയ ആരാധകരെ നിയന്ത്രിക്കാന്‍ തന്നെ പ്രയാസപ്പെട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ ക്ഷീണിതരാണെന്നും സര്‍ക്കാരിനെ അറിയിച്ചിരുന്നു. വിപുലമായ സുരക്ഷ ക്രമീകരണത്തിന് സമയം ഇല്ലെന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. സര്‍ക്കാരിനെയും ആര്‍സിബിയെയും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനെയും ഇക്കാര്യം അറിയിച്ചിരുന്നു. എന്നാല്‍ ടീമിലെ വിദേശ താരങ്ങള്‍ക്ക് ഉടന്‍ മടങ്ങണം എന്നായിരുന്നു ആര്‍സിബി പ്രതികരണം.