ഇന്ത്യയ്‌ക്ക് റഷ്യൻ വാഗ്ദാനം, നൽകാം, സുഖോയ് 57ഇ സോഴ്സ് കോഡ് സഹിതം

Friday 06 June 2025 12:10 AM IST

ന്യൂഡൽഹി: ഉറ്റ പങ്കാളിയായ ഇന്ത്യയ്‌ക്ക് റഷ്യയുടെ ഉഗ്രൻ വാഗ്‌ദാനം. അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം സുഖോയ് 57ഇ സോഴ്സ് കോഡ് സഹിതം നൽകും. മെയ്ക്ക് ഇൻ ഇന്ത്യയ്ക്ക് കീഴിൽ വിമാനത്തിന് ആവശ്യമായ പരിഷ്‌കാരങ്ങൾ വരുത്താമെന്നതാണ് സോഴ്സ് കോഡ് കിട്ടുന്നതു കൊണ്ടുള്ള നേട്ടം.

യു.എസ് വാഗ്ദാനം ചെയ്ത എഫ്-35നോട് കിടപിടിക്കുന്നതാണ് എസ്.യു 57ഇ. അത്യാധുനിക റഡാറുകളുടെ പോലും കണ്ണുവെട്ടിക്കാൻ കഴിയും. സൂപ്പർക്രൂസ് ശേഷിയുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ കരുത്തായ സുഖോയ്-30 എം.കെ.ഐ പ്ളാറ്റ്ഫോമുമായി സംയോജിപ്പിക്കാം. ആസ്ത്ര എം.കെ1, എം.കെ2 മിസൈലുകൾ, രുദ്രം ആന്റി-റേഡിയേഷൻ മിസൈലുകൾ, റഷ്യൻ നിർമ്മിത ആർ-77 മിസൈൽ എന്നിവയും ഘടിപ്പിക്കാം.

ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന സ്‌റ്റെൽത്തായ ആംക 2035ലേ യാഥാർത്ഥ്യമാകൂ. അതുവരെ ചൈനയുടെ ജെ-20 സ്റ്റെൽത്തുയർത്തുന്ന ഭീഷണിക്ക് എസ്.യു-57ഇ ചുട്ട മറുപടിയാകും. റഷ്യ ആദ്യമായാണ് മറ്റൊരു രാജ്യത്തിന് ഈ വിമാനം നൽകാൻ സന്നദ്ധരാകുന്നത്.

മിന്നിപ്പായും,10,000 കിലോ

ആയുധം വഹിച്ച്

 ഇരട്ട എൻജിൻ മൾട്ടിറോൾ വിമാനം

 2130 കിലോമീറ്റർ വേഗത

 10,000 കിലോ പേലോഡ് ശേഷി

 ശബ്ദത്തിന്റെ രണ്ടിരട്ടി വേഗത

 മൾട്ടി ട്രാക്കിംഗ് എസ്.എച്ച് -121 റഡാർ

 ഏത് കാലാവസ്ഥയിലും തകർപ്പൻ പ്രകടനം

വിമാന സോഴ്സ് കോഡ്

വിമാന പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന കംപ്യൂട്ടർ പ്രോഗ്രാമിംഗ് അഥവാ ഡിജിറ്റൽ തലച്ചോറ്. വിമാനം അപ്‌ഗ്രേഡ് ചെയ്യുന്നതിനും, ആയുധങ്ങൾ സംയോജിപ്പിക്കുന്നതിനും സോഴ്‌സ് കോഡ് അറിഞ്ഞിരിക്കണം. അല്ലെങ്കിൽ വിമാന നിർമ്മാതാവിനെ ആശ്രയിക്കണം. റഡാർ, ഏവിയോണിക്‌സ് തുടങ്ങിയവ വിമാനത്തിന്റെ ഭാഗമാക്കുന്നതും സോഴ്‌സ് കോഡ് വഴിയാണ്.

റഫാലിന്റെ 'ബോഡി' ഇന്ത്യയിൽ നിർമ്മിക്കും

വ്യോമസേന ഉപയോഗിക്കുന്ന ഫ്രഞ്ച് യുദ്ധവിമാനമായ റഫാലിന്റെ ഫ്യൂസ്‌ലേജ് (ബോഡി) ഇന്ത്യയിൽ നിർമ്മിക്കും.ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസും ഡസ്സോ ഏവിയേഷനും കരാർ ഒപ്പിട്ടു.ഫ്രഞ്ച് യുദ്ധവിമാനങ്ങളുടെ ഫ്യൂസ്‌ലേജ് വിദേശത്ത് നിർമ്മിക്കുന്നത് ആദ്യമായാണ്. ഹൈദരാബാദ് പ്ളാന്റിൽ 2028ൽ നിർമ്മാണം തുടങ്ങും. വിമാനത്തിന്റെ പിൻഭാഗത്തെ ലാറ്ററൽ ഷെല്ലുകൾ,മുന്നിലെയും മധ്യത്തിലെയും ഫ്യൂസ്‌ലേജ് എന്നിവയാണ് നിർമ്മിക്കുക.

മാർക്കറ്റ് പിടിക്കാൻ മത്സരം

110 അത്യാധുനിക യുദ്ധവിമാനങ്ങൾ 5 വർഷത്തിനകം സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇതോടെയാണ് ഫ്രാൻസും റഷ്യയും യു.എസും വൻ വാഗ്ദാനങ്ങളുമായി മത്സരം തുടങ്ങിയത്