12% നികുതി സ്ലാബ് ഒഴിവാക്കാൻ കേന്ദ്രം, 18% ആക്കിയാൽ വില കൂടും
ന്യൂഡൽഹി: സംസ്ഥാനങ്ങളുടെ കടുത്ത എതിർപ്പിനിടെ ജി.എസ്.ടിയിലെ നാല് സ്ലാബുകൾ മൂന്നായി കുറയ്ക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. 12 ശതമാനത്തിന്റെ നികുതി സ്ളാബാകും ഒഴിവാക്കുക. അതിനു കീഴിലുള്ള ഉത്പന്നങ്ങളെ 5%, 18% സ്ളാബുകളിലേക്ക് മാറ്റിയേക്കും. 12% സ്ലാബിൽ ഒട്ടേറെ നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടുന്നുണ്ട്. അവയെ 5%ത്തിലേക്ക് മാറ്റിയാൽ വിലകുറയും. 18%ത്തിലാണെങ്കിൽ വില കൂടും. 28%മാണ് ഏറ്റവും ഉയർന്ന സ്ലാബ്.
ഈ മാസം ഒടുവിലോ അടുത്തമാസം ആദ്യമോ നടക്കുന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്തേക്കും. ഇതുസംബന്ധിച്ച നിർദ്ദേശത്തിൽ ബീഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി കൺവീനറായ ഉപസമിതിയിൽ അഭിപ്രായ സമന്വയം ആയിട്ടില്ല. സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാലും ഇതിൽ അംഗമാണ്. യോഗത്തിൽ സംസ്ഥാനങ്ങൾ കടുത്ത എതിർപ്പാകും ഉയർത്തുക.
12% സ്ലാബിൽ വരുന്നവ
കണ്ടൻസ്ഡ് മിൽക്ക്, 20 ലിറ്റർ കുപ്പികളിൽ പായ്ക്ക് ചെയ്ത കുടിവെള്ളം, കോൺടാക്ട് ലെൻസുകൾ, ചീസ്, ഈത്തപ്പഴം, ഉണക്കിയ പഴങ്ങൾ, ശീതീകരിച്ച പച്ചക്കറികൾ, സോസേജുകൾ, മാംസ ഉത്പന്നങ്ങൾ, പാസ്ത, ജാം, ജെല്ലികൾ, പഴച്ചാറുകൾ കൊണ്ടുള്ള പാനീയങ്ങൾ.
മയോണൈസ്, ടൂത്ത് പൗഡർ, ഫീഡിംഗ് ബോട്ടിലുകൾ, പരവതാനികൾ, കുടകൾ, തൊപ്പികൾ, സൈക്കിൾ, പ്രത്യേക വീട്ടുപകരണങ്ങൾ
ചൂരൽ/മരം കൊണ്ട് നിർമ്മിച്ച ഫർണിച്ചർ, പെൻസിൽ, ക്രയോൺസ്, ചണം/കോട്ടൺ കൊണ്ട് നിർമ്മിച്ച ഹാൻഡ്‌ബാഗുകൾ, ഷോപ്പിംഗ് ബാഗുകൾ, ആയിരത്തിൽ താഴെ വിലയുള്ള പാദരക്ഷകൾ, ഡയഗ്നോസ്റ്റിക് കിറ്റുകൾ, മാർബിൾ, ഗ്രാനൈറ്റ് ബ്ലോക്കുകൾ. പ്രതിദിനം 7,500 വരെ വാടകയുള്ള ഹോട്ടൽ മുറികൾ, ചെലവുകുറഞ്ഞ വിമാനയാത്ര