കാമുകിക്കൊപ്പം ജീവിക്കാൻ ആദ്യ ഭാര്യയെ കൊലപ്പെടുത്തി ആറ് കൊല്ലത്തിനിടെ മൂന്ന് കൊല ?

Friday 06 June 2025 12:17 AM IST

തൃശൂർ/ ഇരിങ്ങാലക്കുട: കാമുകിക്കൊപ്പം ജീവിക്കാൻ ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് പടിയൂരിലെ ഇരട്ട കൊലപാതക കേസിലെ പ്രതിയെന്ന് കരുതുന്ന പ്രേംകുമാർ. ഭാര്യയായിരുന്ന വിദ്യയെ കാമുകിയുമായി ചേർന്നാണ് 2019ൽ കൊലപ്പെടുത്തുന്നത്. സംഭവത്തിൽ പ്രതികളായ പ്രേംകുമാറും കാമുകിയും പഠിച്ചത് ഒരേ സ്‌കൂളിലായിരുന്നു. പിന്നീട് ഇരുവഴിക്ക് പിരിഞ്ഞു. 15 വർഷങ്ങൾക്ക് മുൻപ് പ്രണയിച്ച് വിവാഹം ചെയ്ത വിദ്യയെ മൂന്ന് വർഷം മുൻപ് സ്‌കൂളിലെ പൂർവവിദ്യാർത്ഥി സംഗമത്തിൽ വച്ച് കണ്ടു മുട്ടിയ സുഹൃത്തിനൊപ്പം ജീവിക്കാനാണ് വകവരുത്തിയത്. പൂർവ വിദ്യാർത്ഥികൾ തിരുവനന്തപുരത്ത് ഒരുമിച്ചു കൂടി. ഇരുവരും തമ്മിൽ കണ്ടതോടെ പ്രണയം മൊട്ടിട്ടു. ഹൈദരാബാദിൽ ഭർത്താവിനും മൂന്നു മക്കൾക്കും ഒപ്പം കഴിഞ്ഞിരുന്ന കാമുകി പ്രേംകുമാറിനൊപ്പം ജീവിക്കാനായി തിരുവനന്തപുരത്തേക്ക് താമസം മാറുകയായിരുന്നു.

ദൃശ്യം മോഡൽ കൊല വിദ്യയെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വാഹനത്തിൽ കയറ്റി തിരുനെൽവേലിയിൽ കൊണ്ടുപോയി പൊന്തക്കാട്ടിൽ കുഴിച്ചുമൂടി. ശേഷം ഉദയംപേരൂർ സ്റ്റേഷനിലെത്തി പരാതി നൽകി. വിദ്യയുടെ ഫോൺ ദീർഘദൂര ട്രെയിനിൽ ഉപേക്ഷിച്ചു. മൃതദേഹം മുറിച്ച് കഷണങ്ങളാക്കി ഉപേക്ഷിക്കാൻ ശ്രമിച്ചെങ്കിലും രക്തം ചീന്തിയപ്പോൾ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

പ്രതിയായ പ്രേംകുമാർ സംശയരോഗ കാരണം രേഖയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് പൊലീസിനോടും, വനിതാ സെല്ലിനും പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതി ഗൗരവത്തോടെ കാണാൻ പൊലീസിനായില്ല. പ്രതി കൊലപാതക കേസിലെ പ്രതിയാണെന്ന് രേഖയ്‌ക്കോ ബന്ധുക്കൾക്കോ അറിയില്ലായിരുന്നു. മൂവാറ്റുപുഴ സ്റ്റേഷനിൽ ഒരു യുവതി വഞ്ചനാ കേസ് നൽകിയതായി രേഖ ലഭിച്ചിരുന്നു. പതിവ് കേസുകളെ പോലെ രേഖയുടെ പരാതിയും എടുത്തു. രേഖയ്ക്ക് രണ്ട് മക്കളുണ്ട്. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മൃതദേഹം മാറ്റി.

ഭീഷണി കത്ത് നിർണായകം

മൃതദേഹങ്ങൾക്ക് അരികിൽ നിന്നും ലഭിച്ച ഭീഷണി കത്ത് ഇരുവരുടെയും മരണം കൊലപാതകമാണെന്ന നിഗമനത്തിലെത്താൻ നിർണായകമായി. സ്വയം ജീവനൊടുക്കിയതിന്റെ ലക്ഷണം കണ്ടെത്താനായിട്ടില്ല. മൃതദേഹങ്ങൾ അഴുകിയ നിലയിലായിരുന്നു. രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് കരുതുന്നത്. ഫൊറൻസിക് സംഘവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.