മഹുവ മൊയ്ത്ര വിവാഹിതയായി

Friday 06 June 2025 12:59 AM IST

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എം.പി മഹുവമൊയ്ത്ര വിവാഹിതയായി. ബി.ജെ.ഡി നേതാവും മുൻ എം.പിയുമായ പിനാകി മിശ്രയാണ് വരൻ. മേയ് മൂന്നിന് ജർമനിയിലെ ബെർലിനിൽ വച്ച് നടന്ന ലളിതമായ സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. അതേസമയം, ഇരുവരുടെയും വിവാഹ ചിത്രങ്ങൾ ആദ്യം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചെങ്കിലും മഹുവയുംപിനാകിയും അതിനെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. പിന്നീട് തങ്ങളുടെ ചിത്രം പങ്കുവച്ചുക്കൊണ്ട് ആശംസകൾക്ക് നന്ദി അറിയിക്കുകയായിരുന്നു മഹുവ.

പാർലമെന്റിലെ തീപ്പൊരി പ്രസംഗങ്ങളിലൂടെ പ്രശസ്തയാണ് മഹുവ. എം.പിയായ ആദ്യതവണ തന്നെ പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ പണം വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് മഹുവ അയോഗ്യയാക്കപ്പെട്ടിരുന്നു. 1974 ഒക്ടോബർ 12ന് അസമിൽ ജനിച്ച മൊയ്ത്ര രാഷ്ട്രീയത്തിലെത്തുന്നതിനുമുൻപ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കറായിരുന്നു. പിന്നീട് 2010ൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. 2019ലും 2024ലും പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയിൽ നാദിയ ജില്ലയുടെ പ്രസിഡന്റായി പ്രവർത്തിക്കുന്ന മൊയ്ത്ര, കൃഷ്ണനഗർ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ കാളിഗഞ്ച് നിയമസഭാ മണ്ഡലത്തിന്റെ ഉപതിരഞ്ഞെടുപ്പിൽ പ്രചാരണരംഗത്ത് സജീവമായിരുന്നില്ലെന്ന വാർത്തകളും പുറത്തുവന്നിരുന്നു.

നേരത്തേ, ഡെൻമാർക്ക് പൗരനായ ലാർസ് ബ്രോർസനെയാണ് മൊയ്ത്ര വിവാഹം ചെയ്തിരുന്നത്. പിന്നീട് വിവാഹമോചനം നേടിയിരുന്നു. അഭിഭാഷകനായ ജയ് ആനന്ദ് ദേഹദ്രിയുമായി ഇടയ്ക്ക് ബന്ധം പുലർത്തിയിരുന്നെങ്കിലും പിരിഞ്ഞു.

ഒഡീഷയിലെ പുരി മണ്ഡലത്തിൽ എം.പിയായിരുന്നു മിശ്ര. 1959 ഒക്ടോബർ 23ന് ഒഡീഷയിലെ പുരിയിൽ ജനിച്ച പിനാകി മിശ്ര,സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനാണ്. കോൺഗ്രസ് പാർട്ടിയിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ മിശ്ര 1996ൽ പുരിയിൽനിന്ന് ലോക്സഭയിൽ എത്തിയിരുന്നു. പിന്നീട് ബി.ജെ.ഡിയിലേക്കു ചുവടുമാറ്റി. ബി.ജെ.ഡിയുടെ സീറ്റിൽനിന്ന് പാർലമെന്റിൽ എത്തിയിട്ടുമുണ്ട്. മിശ്രയ്ക്ക് മുൻ വിവാഹത്തിൽ ഒരു മകനും ഒരു മകളുമുണ്ട്.