ഭക്തിസാന്ദ്രമായി അയോദ്ധ്യ ഉപക്ഷേത്രങ്ങളിൽ പ്രാണപ്രതിഷ്ഠ
ന്യൂഡൽഹി: വേദമന്ത്രങ്ങൾ നിറഞ്ഞു നിന്ന ഭക്തിസാന്ദ്രമായ ചടങ്ങിൽ അയോദ്ധ്യ രാമക്ഷേത്രത്തിലെ രാംദർബാറിലും സമുച്ചയത്തിനുള്ളിൽ പുതുതായി നിർമ്മിച്ച ഏഴ് ഉപക്ഷേത്രങ്ങളിലും വിഗ്രഹങ്ങളുടെ പ്രാണപ്രതിഷ്‌ഠ നടന്നു. ഗംഗാ ദസറ ദിനമായ ഇന്നലെ അഭിജിത് മുഹൂർത്തത്തിൽ രാവിലെ 11.30നും ഉച്ചയ്ക്ക് 12നും ഇടയിൽ എല്ലാ വിഗ്രഹങ്ങളിലും ദിവ്യത്വം നിറച്ചു. തുടർന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റ് സന്യാസിമാരും ചേർന്ന് ആദ്യ ആരതി നടത്തി. ഇതോടെ മൂന്ന് ദിവസത്തെ ചടങ്ങുകൾ പൂർത്തിയായി.
2024 ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തിൽ നടന്ന രാംലല്ലയുടെ പ്രതിഷ്ഠയ്‌ക്കു ശേഷം ക്ഷേത്രത്തിലെ രണ്ടാമത്തെ പ്രധാന ചടങ്ങാണിത്. രാവിലെ 6.30ന് 'യജ്ഞ മണ്ഡപ'ത്തിൽ പ്രാർത്ഥനകളോടെ പ്രതിഷ്ഠാ ചടങ്ങുകൾ തുടങ്ങി. രാവിലെ 9 മണിക്ക് ഒരു മണിക്കൂർ നീണ്ടുനിന്ന 'ഹവനം' നടന്നു.
ദർബാറിൽ രാമപ്രതിഷ്ഠയും ഉപക്ഷേത്രങ്ങളിൽ സൂര്യൻ,ഗണേശൻ,ശിവൻ,ഹനുമാൻ,ഭഗവതി,മാതാ അന്നപൂർണ്ണ,ശേഷാവതാരം സപ്ത മണ്ഡപ പ്രദേശത്ത്,വാൽമീകി,വിശ്വാമിത്രൻ,ആചാര്യൻ എന്നീ വിഗ്രഹങ്ങളും സ്ഥാപിച്ചു. അഗസ്ത്യ,വസിഷ്ഠ,നിഷാദ്രാജ്,അഹല്യ എന്നിവർക്ക് പ്രത്യേകം ക്ഷേത്രങ്ങളുമുണ്ട്. പ്രാണപ്രതിഷ്ഠ ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്ര സമുച്ചയം പൂക്കളും മാലകളും കൊണ്ട് അലങ്കരിച്ചിരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അയോദ്ധ്യയിലെത്തിയ മുഖ്യമന്ത്രി യോഗി സരയു ഘട്ടിൽ ആരാധന നടത്തിയ ശേഷം ഗംഗയിൽ പാൽ അർപ്പിച്ചു. തുടർന്ന് രാം ദർബാറിലും ഏഴ് ഉപക്ഷേത്രങ്ങളിലും ആരാധന നടത്തി.
അതേസമയം, പ്രാണ പ്രതിഷ്ഠ കാണാൻ രാജ്യത്തുനിന്നും വിദേശത്തുനിന്നുമുള്ള ആയിരക്കണക്കിന് ഭക്തരാണ് അയോദ്ധ്യയിലെത്തിയത്. എ.ടി.എസ്,സി.ആർ.പി.എഫ്, പിഎസി,സിവിൽ പൊലീസ് എന്നിവയുടെ നേതൃത്വത്തിൽ ക്ഷേത്ര പരിസരത്ത് കനത്ത കാവൽ ഏർപ്പെടുത്തിയിരുന്നു.
2024 ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന രാം ലല്ലയുടെ പ്രാണപ്രതിഷ്ഠ 500 വർഷത്തെ കാത്തിരിപ്പിനാണ് അവസാനമായത്.
-യോഗി ആദിത്യനാഥ്
മുഖ്യമന്ത്രി