12 രാജ്യങ്ങളിലെ പൗരന്മാർക്ക് യു.എസിൽ പ്രവേശന വിലക്ക്

Friday 06 June 2025 6:40 AM IST

വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനും മ്യാൻമറും അടക്കം 12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ യു.എസിൽ പ്രവേശിക്കുന്നതിന് വിലക്ക്. ഇത് സംബന്ധിച്ച പ്രഖ്യാപനത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. 9ന് ഇന്ത്യൻ സമയം രാവിലെ 9.31ന് പ്രാബല്യത്തിൽ വരും. ഇതിന് മുമ്പ് വിതരണം ചെയ്യപ്പെട്ട വിസകളെ വിലക്ക് ബാധിക്കില്ല.

യു.എസിലേക്കുള്ള കുടിയേറ്റം കുറയ്ക്കാൻ,അധികാരത്തിലെത്തിയ പിന്നാലെ ട്രംപ് ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമാണ് തീരുമാനം. അതേസമയം,ക്യൂബയും വെനസ്വേലയും അടക്കം 7 രാജ്യങ്ങളിൽ നിന്നുള്ളവരുടെ പ്രവേശനത്തിന് ഭാഗിക വിലക്കേർപ്പെടുത്തി. ഈ രാജ്യങ്ങളിലുള്ളവർക്ക് ബി-1,ബി-2,എഫ്,എം,ജെ തുടങ്ങിയ താത്കാലിക വിസകൾ ലഭിക്കില്ല. ട്രംപിന്റെ തീരുമാനത്തിൽ ആഫ്രിക്കൻ യൂണിയൻ കമ്മിഷൻ ആശങ്കയറിയിച്ചു.

അതേസമയം,​ പട്ടികയിൽ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പും ട്രംപ് നൽകി. ട്രംപ് തന്റെ ആദ്യ പ്രസിഡൻഷ്യൽ ടേമിൽ (2017-2021) 7 രാജ്യങ്ങളിലെ പൗരന്മാർക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചിരുന്നു. എന്നാൽ തുടർന്ന് അധികാരത്തിലേറിയ ജോ ബൈഡൻ ഭരണകൂടം 2021ൽ ഇറാൻ, ലിബിയ, സൊമാലിയ, സിറിയ, യെമൻ എന്നിയുടെ വിലക്ക് റദ്ദാക്കി.

പൂർണ വിലക്ക്

 അഫ്ഗാനിസ്ഥാൻ

 മ്യാൻമർ

 ചാഡ്

 കോംഗോ

 ഇക്വറ്റോറിയൻ ഗിനി

 എറിത്രിയ

 ഹെയ്‌‌തി

 ഇറാൻ

 ലിബിയ

 സൊമാലിയ

 സുഡാൻ

 യെമൻ

ഭാഗിക വിലക്ക്

 ബുറുൻഡി

 ക്യൂബ

 ലാവോസ്

 സിയെറ ലിയോൺ

 ടോഗോ

 തുർക്ക്‌മെനിസ്ഥാൻ

 വെനസ്വേല

ഇളവ് ആർക്കൊക്കെ

യു.എസിലെ നിയമാനുസൃത സ്ഥിര താമസക്കാർ,ഇരട്ട പൗരത്വമുള്ളവർ,സാധുവായ നോൺ-ഇമിഗ്രന്റ് വിസകളിൽ യാത്ര ചെയ്യുന്ന നയതന്ത്രജ്ഞർ,ഒളിംപിക്സ്/ലോക കപ്പ് തുടങ്ങിയ പ്രധാന കായിക പരിപാടികൾക്കെത്തുന്ന അത്‌ലറ്റ്/അത്‌ലറ്റിക് ടീം അംഗം/അത്‌ലറ്റിന്റെ അടുത്ത ബന്ധു, അഫ്ഗാൻ സ്പെഷ്യൽ ഇമിഗ്രന്റ് വിസയുള്ളവർ, ഇമിഗ്രന്റ് വിസയുള്ള ഇറാനിൽ അടിച്ചമർത്തൽ നേരിടുന്ന മത/വംശീയ ന്യൂനപക്ഷങ്ങൾ തുടങ്ങിയവർക്ക്.

വിദേശ തീവ്രവാദികളിൽ നിന്നും മറ്റ് സുരക്ഷാ ഭീഷണികളിൽ നിന്നും രാജ്യത്തെ സംരക്ഷിക്കാൻ ഈ നീക്കം അനിവാര്യമാണ്.

- ഡൊണാൾഡ് ട്രംപ്,

യു.എസ് പ്രസിഡന്റ്