താരിഫ് ഇടക്കാല കരാറിനായി ഇന്ത്യാ-യു.എസ് ചർച്ച
Friday 06 June 2025 6:54 AM IST
ന്യൂഡൽഹി: കൃഷി,ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിലെ താരിഫ് ഇളവുകൾ അന്തിമമാക്കാൻ ലക്ഷ്യമിട്ടുള്ള ഇന്ത്യ-യു.എസ് ഉന്നതതല ചർച്ചകൾ സജീവം. 25ഓടെ ഇടക്കാല കരാറുണ്ടാക്കാനാണ് നീക്കം. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ആഭ്യന്തര ഉത്പന്നങ്ങൾക്ക് 26 ശതമാനം പരസ്പര താരിഫ് ഏർപ്പെടുത്തിയ തീരുമാനം നടപ്പാക്കാൻ ജൂലായ് 8വരെ സാവകാശം അനുവദിച്ചിരുന്നു. അതിന് മുൻപ് ഒരു ഇടക്കാല കരാറിലെത്താനാണ് ശ്രമം.
യു.എസ് ട്രേഡ് റെപ്രസന്റേറ്റീവ് (യു.എസ്.ടി.ആർ) ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ ചീഫ് നെഗോഷ്യേറ്റർ രാജേഷ് അഗർവാളിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ വ്യാപാര ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. വ്യാപാര ചർച്ചകൾ പുരോഗമിക്കുകയാണെന്നും കരാർ അന്തിമമാക്കുമെന്നും യു.എസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് വാഷിംഗ്ടണിൽ പറഞ്ഞു.