ബന്ദികളുടെ മൃതദേഹം കണ്ടെത്തി

Friday 06 June 2025 6:54 AM IST

ടെൽ അവീവ്: ഗാസയിൽ ഹമാസ് ബന്ദിയാക്കിയ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് ഇസ്രയേൽ സൈന്യം. ജൂഡി വെയ്ൻസ്റ്റെയ്ൻ ഹാഗായ് (70), ഭർത്താവ് ഗാഡി ഹാഗായ് (72) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇരുവരും ഇസ്രയേലി-അമേരിക്കൻ ഇരട്ട പൗരത്വമുള്ളവരാണ്. ഗാസയിലെ മുജാഹിദ്ദീൻ ബ്രിഗേഡ്സ് ഗ്രൂപ്പാണ് ഇവരെ വധിച്ചത്.

തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ നടത്തിയ സൈനിക ഓപ്പറേഷനിടെ വീണ്ടെടുത്ത ഇവരുടെ മൃതദേഹങ്ങൾ ഫോറൻസിക് പരിശോധനയ്ക്കായി ഇസ്രയേലിൽ എത്തിച്ചു. ഗാസയിൽ ഇനി 56 ബന്ദികളുണ്ടെന്ന് കരുതുന്നു. ഇതിൽ 20 ഓളം പേർ മാത്രമേ ജീവനോടെയുള്ളു. അതേ സമയം, ഇസ്രയേൽ ആക്രമണം തുടരുന്ന ഗാസയിൽ ഇന്നലെ 40ലേറെ പേർ കൊല്ലപ്പെട്ടു. ആകെ മരണം 54,670 കടന്നു.