ലോണെടുത്തവർക്ക് ഏറെ ആശ്വാസം, പലിശ നിരക്ക് വീണ്ടും കുറച്ച് റിസർവ് ബാങ്ക്
മുംബയ്: സാമ്പത്തിക വർഷത്തെ രണ്ടാം പണനയത്തിൽ ഇടപാടുകാർക്ക് ആശ്വാസപ്രഖ്യാപനവുമായി റിസർവ് ബാങ്ക് ഒഫ് ഇന്ത്യ (ആർബിഐ). അടിസ്ഥാന പലിശ നിരക്കായ റിപ്പോയിൽ അരശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. ഇളവ് പ്രഖ്യാപിച്ചതോടെ റിപ്പോനിരക്ക് 5.50 ശതമാനമായി. ഇതോടെ ഉപഭോക്താക്കൾക്ക് പലിശ ഇനത്തിൽ കാര്യമായ കുറവുണ്ടാവും. ഭവന, വാഹന വായ്പ ഉൾപ്പെടെയുള്ളവയുടെ പലിശനിരക്ക് കുറയുന്നതിനാൽ ഇഎംഐയിലും കുറവുവുണ്ടാവും.
തുടർച്ചയായി മൂന്നാംതവണയാണ് റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറയ്ക്കുന്നത്. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിൽ ചേർന്ന ദ്വൈമാസ പണനയ സമിതി യോഗത്തിലാണ് തീരുമാനമെടുത്തത്.
പണപ്പെരുപ്പം കാര്യമായി കുറയുന്ന സാഹചര്യവും വളർച്ചയ്ക്ക് മുൻഗണന നൽകേണ്ട സാഹചര്യവും കണക്കിലെടുത്താണ് നിരക്ക് കുറയ്ക്കാൻ ആർബിഐ തയ്യാറായതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മൂന്നുമാസമായി പണപ്പെരുപ്പം നാലുശതമാനമെന്ന ലക്ഷ്യത്തിലും താഴെയായി തുടരുകയാണ്. വരും മാസങ്ങളിലും പണപ്പെരുപ്പം കുറഞ്ഞ നിലയിൽ തുടരാനുള്ള സാഹചര്യം നിരക്ക് കുറയ്ക്കുന്നതിന് ആർബിഐ കണക്കിലെടുത്തിട്ടുണ്ട്. ഇതിനൊപ്പം ആഗോളതലത്തിലെ സാമ്പത്തിക ദുർബലസാഹചര്യവും കണക്കിലെടുത്തു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
'അഞ്ച് പ്രധാന മേഖലകളുടെ ശക്തമായ ബാലൻസ് ഷീറ്റിൽ നിന്നാണ് ഇന്ത്യയുടെ ശക്തി. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പ്രാദേശിക, വിദേശ നിക്ഷേപകർക്ക് വലിയ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യ ഇപ്പോൾ അതിവേഗം വളരുകയാണ്, ഇന്ത്യ അതിവേഗം വളരാൻ ആഗ്രഹിക്കുന്നു'- ആർബിഐ ഗവർണർ പറഞ്ഞു.