അദ്ധ്യാപകനും വിദ്യാർത്ഥിനിയുമായി വഴിവിട്ട ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ചു; കിളിമാനൂരിൽ അദ്ധ്യാപികയ്‌ക്ക് സസ്‌പെൻഷൻ

Friday 06 June 2025 12:13 PM IST

തിരുവനന്തപുരം: അദ്ധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിച്ചുവെന്ന് വ്യാജപരാതി നൽകിയ അദ്ധ്യാപികയെ സസ്പെൻഡ് ചെയ്‌തു. കിളിമാനൂരിലാണ് സംഭവം. അദ്ധ്യാപകർ തമ്മിലുള്ള തർക്കത്തെ തുടർന്നായിരുന്നു വ്യാജ പ്രചാരണം. എതിർ സംഘത്തിലുള്ള അദ്ധ്യാപകനെതിരെയാണ് അദ്ധ്യാപിക വ്യാജ പ്രചാരണം നടത്തിയത്. സംഭവത്തിൽ സ്‌കൂളിലെ മറ്റൊരു ജീവനക്കാരനും പങ്കുണ്ടെന്ന് കണ്ടെത്തി. ഹാജർ ബുക്ക് മോഷ്‌ടിച്ച കേസിൽ ഈ ജീവനക്കാരനെ നേരത്തേ സസ്‌പെൻഡ് ചെയ്‌തിരുന്നു.

ആരോഗ്യപ്രശ്‌നങ്ങൾ കാരണം പല ദിവസങ്ങളിലും കുട്ടിക്ക് സ്‌കൂളിൽ പോകാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് അദ്ധ്യാപകനുമായി ഈ കുട്ടിക്ക് ബന്ധമുണ്ടെന്ന് അദ്ധ്യാപിക അപവാദ പ്രചാരണം നടത്തിയത്. അദ്ധ്യാപികയുടെ വ്യാജ പ്രചാരണത്തെത്തുടർന്ന് വിദ്യാർത്ഥിനിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു. സംഭവത്തിന് പിന്നിൽ ഒരു അദ്ധ്യാപികയും ജീവനക്കാരനുമാണെന്ന് ആരോപിച്ച് കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

തുടർന്ന്, സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറോട് മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു. വിദ്യാർത്ഥിനിയുടെ പേര് പരാമർശിച്ചുകൊണ്ട് വന്ന ചില വിവരങ്ങൾ ആരോപണ വിധേയയായ അദ്ധ്യാപിക ചില വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്‌തു. ഇവർ പൊലീസിലും സിഡബ്ല്യുസിയിലും പരാതി നൽകി. അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് കണ്ടെത്തി. ആരോപണം ശക്തമായതോടെയാണ് അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്‌ത് സ്‌കൂൾ മാനേജർ ഉത്തരവിറക്കിയത്.