ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഹൈക്കോടതിയിൽ

Friday 06 June 2025 2:48 PM IST

ബംഗളൂരു: ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് പതിനൊന്ന് പേർ മരിച്ച സംഭവത്തിൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ. അറസ്റ്റ് ഭയന്നാണ് ഉന്നത ക്രിക്കറ്റ് അസോസിയേഷൻ ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിച്ചത്. ആർസിബി മാർക്കറ്റിംഗ് മേധാവിയും നാല് ഇവന്റ്മാനേജ്മെന്റ് ഉദ്യോഗസ്ഥരും നേരത്തെ കേസിൽ അറസ്റ്റിലായിട്ടുണ്ട്. ഐപിഎല്ലിൽ കിരീടം സ്വന്തമാക്കിയ ആർസിബിയുടെ വിജയാഘോഷ പരേഡിനിടയിലാണ് ദാരുണമായ സംഭവം.

കെ‌എസ്‌സി‌എ പ്രസിഡന്റ് രഘു റാം ഭട്ട്, സെക്രട്ടറി എ ശങ്കർ, ട്രഷറർ ഇ എസ് ജയറാം എന്നിവർ ചേർന്നായിരുന്നു വെള്ളിയാഴ്ച കർണാടക ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചത്. അറസ്റ്റ് ഭയന്ന് എഫ്‌ഐആർ റദ്ദാക്കണമെന്ന് ഹർജിക്കാർ കോടതിയോട് അഭ്യർത്ഥിക്കുകയും അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ജസ്റ്റിസ് കൃഷ്ണകുമാറിന്റെ സിംഗിൾ ജഡ്ജി ബെഞ്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം കേസ് പരിഗണിക്കും.

ജൂൺ നാല് ബുധനാഴ്ച വൈകുന്നേരമാണ് വിജയാഘോഷം ദുരന്തമുഖമായി മാറി 11 പേരുടെ ജീവൻ കവർന്നെടുത്തത്. സംഭവം നടന്നതിന് പിന്നാലെ വ്യാഴാഴ്ച, കബ്ബൺ പാർക്ക് പൊലീസ് ആർ‌സി‌ബി, ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഡി‌എൻ‌എ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, കെ‌എസ്‌സി‌എ എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പിന്നീട് മൂന്ന് സ്ഥാപനങ്ങളുടെയും പ്രതിനിധികളെ ഉടൻ അറസ്റ്റ് ചെയ്യാൻ ഡയറക്ടർ ജനറലിനും ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസിനും നിർദ്ദേശം നൽകുകയായിരുന്നു.